ജില്ലാ സ്കൂൾ കലോത്സവത്തിന് ‘പെരിയ’ ഒരുക്കം

സംഘാടകസമിതി രൂപവത്കരണയോഗം വെള്ളിയാഴ്ച

പെരിയ: പെരിയയിൽ ആദ്യമായെത്തുന്ന ജില്ലാ സ്കൂൾ കലോത്സവത്തെ നാടിന്റെ ഉത്സവമാക്കിമാറ്റാനുള്ള ഒരുക്കത്തിലാണ് ഗ്രാമം. നവംബർ 24 മുതൽ 28 വരെ അഞ്ചുദിവസങ്ങളിലായി പെരിയ ഗവ. ഹയർ സെക്കൻ‍ഡറി സ്കൂളിലാണ് പരിപാടി. കലോത്സവത്തിന്റെ വിജയത്തിന്‌ കൈകോർക്കാൻ പെരിയയിലെ വിവിധ സംഘടനകൾ, ക്ലബുകൾ, പൂർവ വിദ്യാർഥി കൂട്ടായ്മകൾ തുടങ്ങിയവ രംഗത്തിറങ്ങിക്കഴിഞ്ഞു. സംഘാടകസമിതി രൂപവത്കരണയോഗം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് നടക്കും.

12 വേദികൾ ഒരുക്കും

:12 വേദികളിലായി മത്സരങ്ങൾ നടത്താനാണ് തീരുമാനം. പ്രധാന വേദി പെരിയ ഗവ. ഹയർ സെക്കൻ‍‍‍ഡറി സ്കൂൾ മൈതാനത്താണ്. കൂടാതെ, രണ്ടുവേദികൾ കൂടി സ്കൂളിൽ ഒരുക്കും. സുരഭി, സുമംഗലി ഓഡിറ്റോറിയങ്ങൾ, ഡിഗ്രേഷ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ, പെരിയ കമ്യൂണിറ്റി ഹാൾ, കായക്കുളം എസ്.വി. ബ്രദേഴ്സ് ഓഡിറ്റോറിയം, ഗാന്ധിസ്മാരക വായനശാല, മൊയോലം സൗപർണിക ക്ലബ് ഓഡിറ്റോറിയം എന്നിവിടങ്ങളാണ് മറ്റ് വേദികൾ.

എത്താൻ എളുപ്പം

:ജില്ലയുടെ മധ്യഭാഗത്തുള്ള പെരിയയിലേക്ക് എത്തിച്ചേരാൻ എളുപ്പമാണ്. ദേശീയപാത വഴിയും മലയോരമേഖലയിലുള്ളവർക്ക് ഒടയഞ്ചാൽ-പെരിയ റോഡുവഴിയും ബന്തടുക്ക മേഖലയിലുള്ളവർക്ക് മൂന്നാംകടവ് വഴിയും തീരദേശത്തുള്ളവർക്ക് പാക്കം റോഡ് വഴിയും സ്കൂളിലെത്താം.

പച്ചക്കറിക്കൃഷി തുടങ്ങി

:വിദ്യാർഥികളും ആഘോഷപൂർവമാണ് കലോത്സവത്തെ വരവേൽക്കാനൊരുങ്ങുന്നത്. കലോത്സവ നഗരിയിലെ ഭക്ഷണശാലയിലെ വിഭവങ്ങൾക്കായി പച്ചക്കറിക്കൃഷിക്ക് വിത്തിറക്കിയിരിക്കുകയാണിവർ.

സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റും പി.ടി.എയും ചേർന്നാണ് പച്ചക്കറിക്കൃഷിയിറക്കിയത്. പുല്ലൂർ പെരിയ പഞ്ചായത്ത്‌ അംഗം ഉഷ എൻ. നായർ പച്ചക്കറി വിത്തുപാകി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സത്യൻ മഠത്തിൽ അധ്യക്ഷനായി. കൃഷി ഓഫീസർ കെ. ജയപ്രകാശ്, പ്രഥമാധ്യാപിക പി. സുമതി, പ്രോഗ്രാം ഓഫീസർ വിജിന, ഗോപാലൻ, ഷാജി, ഷീബാ സചീന്ദ്രൻ എന്നിവർ സംസാരിച്ചു.