കുട്ടികൾ വനസംരക്ഷണപ്രതിജ്ഞയെടുത്തു

മധുരവനം നശിപ്പിക്കാതെ ഓവുചാൽ നിർമിക്കണം

പള്ളിക്കര : വിവിധയിനം മാവുകൾ വളരുന്ന തങ്ങളുടെ മധുരവനം നശിപ്പിക്കാതെ ഓവുചാൽ നിർമിക്കണമെന്നാവശ്യപ്പെട്ട് കുട്ടികളും അധ്യാപകരും സംരക്ഷണച്ചങ്ങല തീർത്തു. ജി.എച്ച്.എസ്.എസ്. പള്ളിക്കരയിലെ കുട്ടികളും അധ്യാപകരുമാണ് സ്കൂൾപരിസരത്തെ പച്ചപ്പ് കാക്കാൻ പ്രതിഷേധവുമായി റോഡിലിറങ്ങിയത്. ഇതിലൂടെ ഓവുചാലിന് കുഴിമാന്തുമ്പോൾ തങ്ങൾ പരിചരിക്കുന്ന മാവിൻതൈകൾ നശിപ്പിക്കരുതെന്നാണ് കുട്ടികളുടെ ആവശ്യം.

പള്ളിക്കര സ്കൂളിന്റെ മതിൽക്കെട്ടിന് പുറത്ത് വടക്കേ അതിർത്തിയിലെ പൊതുസ്ഥലം നേരത്തേ പ്രദേശവാസികളും അല്ലാത്തവരും മാലിന്യം തള്ളാനുപയോഗിച്ചിരുന്നു. ദുർഗന്ധംമൂലം പൊറുതിമുട്ടിയപ്പോൾ സീഡ് പ്രവർത്തകർ, എക്കോ ക്ലബ്, ജെ.ആർ.സി., സ്കൂൾ സോഷ്യൽ സർവീസ് സ്കീം എന്നിവ ചേർന്ന് നാലുവർഷം മുൻപ് മണ്ണുമാന്തിയെത്തിച്ച് മാലിന്യം നീക്കി അവിടം മുഴുവൻ മാവിൻതൈകൾ നട്ട് വേലികെട്ടി മധുരവനമാക്കി മാറ്റി സംരക്ഷിക്കുകയാണ്. അധ്യാപകരും പി.ടി.എ.യും കുട്ടികൾക്കൊപ്പമുണ്ട്. അതിനിടയിൽ സംസ്ഥാനപാതയുടെ അറ്റകുറ്റപ്പണിയുടെ ഭാഗമായി ഇതിലേ ഓവുചാൽ നിർമാണം തുടങ്ങി.

മണ്ണുമാന്തിയും സിമൻറ്‌ കുഴച്ചിടുന്ന വാഹനവും ഇതിലേ ഉഴുതുമറിച്ച് കടന്നുപോകുമ്പോൾ തങ്ങളുടെ മരങ്ങൾ നശിപ്പിക്കപ്പെടുമെന്നാണ് കുട്ടികളുടെ ഭയം. ഇവിടെ മാത്രം യന്ത്രങ്ങളുപയോഗിക്കാതെ മനുഷ്യാധ്വാനത്തിൽ പണി പൂർത്തിയാക്കുക, അല്ലെങ്കിൽ നഷ്ടപ്പെടുമെന്നുറപ്പുള്ള തൈകൾ മറ്റൊരിടത്തേക്ക് മാറ്റിനട്ടുതരിക എന്ന ആവശ്യമാണ് കുട്ടികളും പി.ടി.എ. ഭാരവാഹികളും കരാറുകാരുടെയും പൊതുമരാമത്ത് വകുപ്പ് അധികൃതരുടെയും മുന്നിൽ അവതരിപ്പിച്ചത്. ഇക്കാര്യത്തിൽ ഉറപ്പുനൽകാൻ ബന്ധപ്പെട്ടവർ തയ്യാറാകാത്തതിനെ തുടർന്നാണ് വെള്ളിയാഴ്ച കുട്ടികൾ പ്രതിഷേധച്ചങ്ങലയും വനസംരക്ഷണപ്രതിജ്ഞയുമായി സ്കൂൾ മതിൽക്കെട്ടിന് പുറത്ത് മധുരവനത്തിൽ ഒത്തുചേർന്നത്.

പ്രതിഷേധവേദിയിൽ പി.ടി.എ. പ്രസിഡന്റ് സുകുമാരൻ പൂച്ചക്കാട്, പ്രഥമാധ്യാപിക പി.ഒ. സുമിത, സീനിയർ അസിസ്റ്റന്റ് കെ.വി. ഷൈന, വി.എം. മകേഷ്, ആർ.കെ. സതി, എൻ.വി. ലിജി, പി.സി. സുഹൈല, വി.വി. യാമിനി, എ.വി. കുഞ്ഞിരാമൻ, ജിതിൻ ടി. ജോയി എന്നിവർ സംസാരിച്ചു.