തെങ്ങിൻകുലച്ചിൽ ഉപയോഗിച്ച് കണവപിടിത്തം വീണ്ടും; മത്സ്യസമ്പത്തിനു ഭീഷണി

ചെറുവത്തൂർ : നീലേശ്വരം അഴിമുഖം കേന്ദ്രീകരിച്ച് അശാസ്ത്രീയ മീൻപിടിത്തം വ്യാപകം. തെങ്ങിൻകുലച്ചിൽ, പ്ലാസ്റ്റിക്ക് കുപ്പികൾ, ജില്ലി, പൂഴിനിറച്ച ചാക്കുകൾ, ചാവോക്ക് ശാഖകൾ എന്നിവ ഉപയോഗിച്ച് കൃത്രിമ ആവാസവ്യവസ്ഥ സൃഷ്ടിച്ചാണ് കണവപോലുള്ള മീൻ പിടിക്കുന്നത്.

സംസ്ഥാനത്ത് നിരോധിച്ച മീൻപിടിത്തരീതിയാണിത്. ജില്ലയിലെ പ്രമുഖ മീൻകച്ചവടക്കാരും അവരുടെ ഏജന്റുമാരുമാണ് അനധികൃത മീൻപിടിത്തത്തിന് പിന്നിൽ. തമിഴ്‌നാട്ടിൽനിന്നുള്ള വള്ളങ്ങൾ കളർകോഡ് മാറ്റിയും കുളച്ചിലിലെ തൊഴിലാളെ ഉപയോഗപ്പെടുത്തിയുമാണ് നിരോധിത മീൻപിടിത്തം നടക്കുന്നത്.

​മുട്ടയിടാനെത്തുന്ന കണവമത്സ്യം പിടിക്കലാണ് ലക്ഷ്യം

:കടലിൽ പാറയുള്ള ഇടങ്ങളിൽ മുട്ടയിടാനെത്തുന്ന കണവമത്സ്യത്തെ പിടിക്കാനാണ് പ്രധാനമായും കൃത്രിമ ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നത്.

കയറിൽ കുലച്ചിൽ, പ്ലാസ്റ്റിക്ക് കുപ്പികൾ മരക്കഷണങ്ങൾ, ജില്ലിയും മണലും നിറച്ച ചാക്കുകൾ, വലക്കഷണകൾ എന്നിവ ഉപയോഗിച്ച് വളച്ചുവെച്ചാണ് കൃത്രിമ ആവാസവ്യവസ്ഥയുണ്ടാക്കുന്നത്.

മീൻപിടിക്കുന്നതോടെ മുട്ടകൾ നശിച്ചുപോവുകയും വലിയതോതിൽ മത്സ്യസമ്പത്ത് ഇല്ലാതാവുകയും ചെയ്യും.

കടലിൽ വിപത്ത്

:മീൻപിടിച്ചശേഷം നേരത്തേ സ്ഥാപിച്ച കുലച്ചിലും മറ്റും മുറിച്ച് ഇളക്കും. ഇത് കടലിൽ പോകുന്ന ബോട്ടുകളും വള്ളങ്ങളും അപകടത്തിൽപ്പെടാനിടയാക്കുന്നു. കടലിൽ ഉപേക്ഷിച്ച കുലച്ചിൽ, വലക്കഷണങ്ങൾ, പ്ലാസ്റ്റിക്കുകൾ എന്നിവ ബോട്ടിന്റെ അടിയിൽ കുടുങ്ങി എൻജിൻ തകരാറിലാവുകയും കടലിൽ കുടുങ്ങുകയും ചെയ്യും.

മറ്റ് ബോട്ടുകൾ കെട്ടിവലിച്ച് കരയിലെത്തിക്കേണ്ട സ്ഥിതിയുമുണ്ടാകാറുണ്ട്.