സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പുത്തരിപ്പായസത്തിന് കേളോത്ത് തറവാട്ടിലെ മധുരം

പയ്യന്നൂർ : ക്ഷേത്രത്തിലെ പാൽപ്പായസത്തിന് മുസ്‌ലിം തറവാട്ടിലെ പഞ്ചസാര. മധുരം തൂവുന്ന മതസൗഹാർദവുമായി പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പുത്തരി ഉത്സവം നടന്നു. പുത്തരിദിവസം പയ്യന്നൂർ പെരുമാൾക്ക് നിവേദിക്കേണ്ട പാൽപ്പായസത്തിലും ഭക്തർക്ക് നൽകേണ്ട പുത്തരിയുണ്ടയിലും (ആഗ്രായണം) ചേർക്കേണ്ട പഞ്ചസാര വർഷങ്ങളായി നൽകുന്നത് ഒരു മുസ്‌ലിം തറവാടാണ്. പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രവും കേളോത്ത് തറവാടുമാണ് ഈ സൗഹാർദത്തിന് മധുരമേകുന്നത്.
സുബ്രഹ്മണ്യസ്വാമി ക്ഷേത്രവുമായി കേളോത്ത് തറവാടിന് ആചാരബന്ധമുണ്ട്. പുത്തരി മുഹൂർത്തത്തിന് മുൻപ് കേളോത്ത് തറവാട്ടിലെ കാരണവരും ആൾക്കാരും പുതിയ മൺകലത്തിൽ പഞ്ചസാര നിറച്ച് ക്ഷേത്രത്തിൽ സമർപ്പിക്കും.
പഞ്ചസാരക്കലവുമായി എത്തുന്നവരെ ക്ഷേത്രം ഭരണസമിതിയും ജീവനക്കാരും ചേർന്ന് സ്വീകരിക്കും. ചടങ്ങ് കഴിഞ്ഞ് തിരിച്ചുപോകുമ്പോൾ ക്ഷേത്രത്തിന്റെ സ്നേഹം അരിയും തേങ്ങയും പഴവുമായി നൽകും. വർഷങ്ങൾക്ക് മുൻപേയുള്ള ഒത്തുചേരലിന്റെയും നല്ല മനസ്സിന്റെയും തുടർച്ചയാണ് എല്ലാ പുത്തരിദിവസവും പയ്യന്നൂരിൽ നടക്കുന്നത്.
ചൊവ്വാഴ്ച രാവിലെ കേളോത്ത് ഷുക്കൂർ കാരണവരുടെ നേതൃത്വത്തിൽ ബലിക്കല്ലിന് സമീപത്തെ തട്ടുവിളക്കിന് മുന്നിൽ പഞ്ചസാരക്കലം സമർപ്പിച്ചു. കെ.സി.സലാം, അഫ്‌സൽ, റഷീദ്, താജുദ്ദീൻ, കബീർ എന്നിവർ കാരണവർക്കൊപ്പമുണ്ടായിരുന്നു. ക്ഷേത്രം കല്യാണമണ്ഡപത്തിൽ എക്സിക്യൂട്ടീവ് ഓഫീസർ കെ.പി.സുനിൽകുമാർ, ട്രസ്റ്റി അംഗങ്ങളായ എ.കെ.രാജേഷ്, പി. സുരേഷ്ബാബു, അഡ്വ. സുരേഷ് പാറന്തട്ട, ശ്രീനീവാസൻ കാമ്പ്രത്ത്, സി.കെ.പ്രമോദ്, രാജു അത്തായി, കെ.ദിനേശൻ എന്നിവർ സ്വീകരിച്ചു.