എ.ബി.സി. സെന്റർ കടലാടിപ്പാറയിലേക്ക്: പ്രതിഷേധം ശക്തം

ബിരിക്കുളം : കടലാടിപ്പാറയിൽ തെരുവുനായ വന്ധ്യംകരണ കേന്ദ്രം സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം കനക്കുന്നു.
നിലവിൽ മുളിയാറിൽ പ്രവർത്തിക്കുന്ന സെന്റർ കടലാടിപ്പാറയിലേക്ക് മാറ്റിസ്ഥാപിക്കാനാണ് ശ്രമം. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ വികസനസമിതി യോഗത്തിൽ കെ.നീലകണ്ഠൻ എം.എൽ.എ., സെന്റർ മാറ്റിസ്ഥാപിക്കാനുള്ള നടപടികളുടെ പുരോഗതി ആരാഞ്ഞപ്പോഴാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. കിനാനൂർ-കരിന്തളം പഞ്ചായത്ത് ഭരണസമിതിയുടെ പരിഗണനയിൽ നേരേത്ത ഈ വിഷയം എത്തിയിരുന്നെങ്കിലും അനുകൂല തീരുമാനമെടുത്തിരുന്നില്ല. ഇതും മറികടന്നാണ് സെന്റർ കടലാടിപ്പാറയിൽ തന്നെ സ്ഥാപിക്കാനുള്ള നീക്കങ്ങൾ സജീവമാകുന്നതായി സൂചനയുയർന്നത്.
ആശാപുര കമ്പനി നടത്തിയ ബോക്സൈറ്റ് ഖനന പദ്ധതിക്കെതിരെ സംസ്ഥാനത്തൊട്ടാകെ ചർച്ചയായ ജനകീയ പ്രതിഷേധങ്ങൾക്ക് വേദിയായ സ്ഥലമാണ് കടലാടിപ്പാറ. ചെങ്കൽ ഖനനനീക്കത്തിനെതിരെയും നാട്ടുകാർ പ്രതിഷേധത്തിലാണ്. ഇവിടെ ജൈവവൈവിധ്യ പാർക്കും പരിസ്ഥിതിസൗഹൃദ വിനോദസഞ്ചാരകേന്ദ്രവും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നതിനിടെയാണ് എ.ബി.സി. സെന്റർ സ്ഥാപിക്കാൻ നീക്കംനടക്കുന്നതായുള്ള വിവരം പുറത്തുവന്നത്. കടലാടിപ്പാറയുടെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് ഈ നീക്കം ഉപേക്ഷിക്കണമെന്നാണ് ആവശ്യം.