കോഴിയങ്കം: ആറുപേർ അറസ്റ്റിൽ

കുമ്പള : ഉപ്പള പ്രതാപ് നഗറിൽ കോഴിയങ്കം നടത്തുകയായിരുന്ന ആറുപേർ പിടിയിലായി. പ്രതാപ് നഗറിലെ ഗണേശ (55), ദിനേശ (26), ശാന്തിഗുരിയിലെ മോഹന (25), ഉദയ (45), കൗഷീഖ് (32), കയ്യാറിലെ പദ്മനാഭ ഷെട്ടി (55) എന്നിവരാണ് പിടിയിലായത്. 14 കോഴികളെയും 3110 രൂപയും സംഭവസ്ഥലത്തുനിന്ന് പോലീസ് പിടിച്ചെടുത്തു.
പ്രതാപ് നഗറിൽ കൂറ്റൻ പന്തൽ കെട്ടി ആളുകൾക്ക് ഭക്ഷണം വാഗ്ദാനം ചെയ്തായിരുന്നു കോഴിയങ്കം. ആളുകളെ കൂട്ടാൻ അങ്കത്തിനു പോലീസ് അനുമതിയുണ്ടെന്നും നേരത്തെ പ്രചരിപ്പിച്ചിരുന്നു. ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽനിന്നും കർണാടകയിൽനിന്നും ധാരാളമാളുകൾ കോഴിയങ്കം കാണാനായും പങ്കെടുക്കുന്നതിനായുമെത്തി.
പോലീസിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കുമ്പള എസ്.ഐ. എസ്. അനൂപിന്റെ നേതൃത്വത്തിൽ പരിശോധനയ്ക്കായി എത്തിയപ്പോൾ ആളുകൾ ചിതറിയോടുകയായിരുന്നു. എ.എസ്.ഐ അനൂപ്, സിവിൽ പോലീസ് ഓഫീസർമാരായ സുബീഷ്, സെലിൻ ദാസ്, അജീന്ദ്രൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.