മടക്കര മീൻപിടിത്ത തുറമുഖത്ത് അധികൃതരെത്തി; മാലിന്യം നീക്കിത്തുടങ്ങി

ചെറുവത്തൂർ : മടക്കര മീൻപിടിത്ത തുറമുഖത്ത് അടിഞ്ഞുകൂടിയ മാലിന്യവും മലിനജലവും നീക്കിത്തുടങ്ങി. നേരവും കാലവുമില്ലാത്ത മീനിറക്കലും കയറ്റിപോക്കിനെ തുടർന്ന് ശുചിയാക്കാൻ സാധ്യമായിരുന്നില്ല. ചീഞ്ഞളിഞ്ഞ മത്സ്യാവശിഷ്ടങ്ങളും മലിനജലവും നിറഞ്ഞ് മുക്കുപൊത്തിപോകേണ്ട സ്ഥിതിയായിരുന്നു. പനി ഉൾപെടെ പകർച്ചവ്യാധികൾ പടർന്നുപിടിക്കുമ്പോൾ ആയിരക്കണക്കിനാളുകൾ വന്നുപോകുന്ന തുറമുഖത്തെ ദുരവസ്ഥ ‘മാതൃഭൂമി’ വാർത്തയ്ക്കു പിന്നാലെയാണ് തിങ്കളാഴ്ച രാവിലെ തുറമുഖം ശുചിയാക്കാനിറങ്ങിയത്.

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സി.കെ. ഷൈനി, മത്സ്യഭവൻ ഓഫീസർ സംഗീത, തുറമുഖ വകുപ്പ് ഹാർബർ എൻജിനീയറിങ് വിഭാഗം അസിസ്റ്റന്റ് എക്സികട്ടിവ് എൻജിനീയർ വി. സുനീഷ് തുടങ്ങിയവർ രാവിലെ തുറമുഖത്തെത്തി. തുറമുഖ ശുചീകരണ ചുമതലേയറ്റെടുത്തവരോട് അടിയന്തരമായി മാലിന്യം നീക്കം ചെയ്യാൻ നിർദ്ദേശം നൽകി. തുറമുഖ മാനേജ്‌മെന്റ് കമ്മിറ്റി യോഗം ചേർന്ന് അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടർ സി.കെ. ഷൈനി പറഞ്ഞു.

വന്നുനോക്കിയിട്ട് കാര്യമില്ല

പരാതികളുണ്ടാകുമ്പോൾ അധികൃതർ വന്നുപോയിട്ട് കാര്യമില്ല. ശക്തമായ നടപടികളാണ് നാട്ടുകാർക്ക് ആവശ്യം. തുറമുഖത്ത് അനാവശ്യമായി നിർത്തിയിടുന്ന വാഹനങ്ങൾ മാറ്റുന്നതിന് നടപടിവേണം. നിർദേശം ലംഘിക്കുന്നവരിൽനിന്‌ പിഴ ഈടാക്കണം. തുറമുഖം തുറക്കുന്നതിനും അടക്കുന്നതിനും സമയം നിശ്ചയിക്കണം. വാർഫും ലേലപ്പുരയും പരിസരവും ശുചിയാക്കാൻ ദിവസം മൂന്ന് മണിക്കൂർ ശുചീകറണ തൊഴിലാളികൾക്ക് വിട്ടുകൊടുക്കണം. പ്ലാസ്റ്റിക് കവറുകളും കുപ്പികളും വിലിച്ചെറിയുന്നത് തടയണം.