പൊട്ടിപ്പൊളിഞ്ഞ് കാലിച്ചാമരം-പരപ്പ റോഡ്

കാലിച്ചാമരം : പൊട്ടിപ്പൊളിഞ്ഞ് മലയോരത്തെ പ്രധാന പാതയായ കാലിച്ചാമരം-പരപ്പ റോഡ്. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള റോഡിലൂടെ 1960 മുതൽ ബസ് സർവീസുണ്ട്. പേരിനൊരു അറ്റകുറ്റപ്പണി നടത്തുന്നതല്ലാതെ റോഡ് നവീകരിക്കാൻ ഇതുവരെ നടപടിയുണ്ടായില്ല. 25-ഓളം ബസുകൾ സർവീസ് നടത്തുന്ന ഇതുവഴി ചരക്കുവാഹനങ്ങളും സ്കൂൾ ബസുകളും സ്വകാര്യ വാഹനങ്ങളുമടക്കമാണ് ഇടതടവില്ലാതെ കടന്നുപോകുന്നത്.

വെള്ളരിക്കുണ്ടിലെ ആർ.ടി.ഒ. ടെസ്റ്റ് ഗ്രൗണ്ട് മുതൽ പെരിയങ്ങാനം വരെയുള്ള ഭാഗത്തെ യാത്രയും വെല്ലുവിളിയാണ്. പരപ്പ ജി.എച്ച്.എസ്.എസ്., പരപ്പ ബ്ലോക്ക് പഞ്ചായത്ത്, കരിന്തളം ഗ്രാമപ്പഞ്ചായത്ത്, കരിന്തളം കുടുംബാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലേക്കുള്ള സഞ്ചാരവും ഇതുവഴി തന്നെ. റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് ടാർ ചെയ്യണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നുണ്ടെങ്കിലും അധികൃതർ കേൾക്കുന്നില്ലെന്നാണ് ആക്ഷേപം.