സുസ്ഥിര ഭൂഗർഭജല വികസനം; ശില്പശാലയുമായി കേന്ദ്ര ഭൂഗർഭജല ബോർഡ്

കാസർകോട് : കേന്ദ്ര ഭൂഗർഭജല ബോർഡ് (സി.ജി.ഡബ്ല്യു.ബി.) കേരള റീജ്യന്റെ ആഭിമുഖ്യത്തിൽ 'സുസ്ഥിര ഭൂഗർഭജല വികസനവും അക്വിഫർ ബേസിൻ പരിപാലനവും' എന്ന വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു.
കേരള കേന്ദ്ര സർവകലാശാലയിൽ നടന്ന പരിപാടി വൈസ് ചാൻസലർ പ്രൊഫ. സിദ്ദു പി. ആൽഗുർ ഉദ്ഘാടനം ചെയ്തു. സി.ജി.ഡബ്ല്യു.ബി. കേരള റീജ്യൻ ഡയറക്ടർ ഡോ. ഡി.ജ്ഞാനസുന്ദർ അധ്യക്ഷനായി. സീനിയർ സയന്റിസ്റ്റ് എം.സന്താന സുബ്രഹ്മണി പരിപാടി വിശദീകരിച്ചു. കേരള കേന്ദ്ര സർവകലാശാല ജിയോളജി വിഭാഗം മേധാവി പ്രൊഫ. എ.വി.സിജിൻ, മുൻ മേധാവി ഡോ. മുത്തുമണി, അസോസിയേറ്റ് പ്രൊഫസർ ഡോ. കെ.സന്ദീപ് എന്നിവർ സംസാരിച്ചു.
ജില്ലയിലെ ഭൂഗർഭജല സംരക്ഷണം, തണ്ണീർത്തട വികസനം, കൃത്രിമ പുനരുപയോഗ സംവിധാനങ്ങൾ എന്നിവ താഴെത്തട്ട് മുതൽ ഫലപ്രദമായി നടപ്പാക്കാൻ ലക്ഷ്യമിട്ടാണ് ശില്പശാല നടത്തിയത്. ‘ആപ്ലിക്കേഷൻ ഓഫ് ഹൈ-ഫ്രീക്വൻസി ഹൈഡ്രോളിക് ഹെഡ് ഡേറ്റ ഇൻ അക്വിഫർ ബേസിൻ മാനേജ്‌മെന്റ്' എന്ന വിഷയത്തിൽ റീജണൽ ഡയറക്ടർ ഡി.ജ്ഞാനസുന്ദർ, ‘അക്വിഫർ മാനേജ്‌മെന്റ് സ്റ്റഡി-സ്പെഷ്യൽ റഫറൻസ് ടു കാസർകോട് ഡിസ്ട്രിക്ട്' എന്ന വിഷയത്തിൽ സയന്റിസ്റ്റ് എം.സന്താന സുബ്രഹ്മണി, ‘സ്യൂട്ടബിൾ മാനേജ്ഡ് അക്വിഫർ റീചാർജ് മെത്തേഡ്സ് ആൻഡ് ദെയർ ആപ്ലിക്കേഷൻ ഇൻ കാസർകോട് ഡിസ്ട്രിക്ട്' എന്ന വിഷയത്തിൽ സയന്റിസ്റ്റ് ഡോ. വി.അനീഷ് കുമാർ എന്നിവർ സംവദിച്ചു.