സോണിയാഗാന്ധിയുടെ ജീവിതം ഇന്ത്യയുടെ രാഷ്ട്രീയചരിത്രം കൂടിയാണ് -സന്ദീപ് വാരിയർ

കാഞ്ഞങ്ങാട് : സോണിയാഗാന്ധിയുടെ ജീവിതം ഇന്ത്യയുടെ രാഷ്ട്രീയചരിത്രം കൂടിയാണെന്നും അവരുടെ അനുഭവങ്ങൾ വായിക്കാൻ ഏതൊരാൾക്കും ആകാംക്ഷയുണ്ടാകുമെന്നും കോൺഗ്രസ് നേതാവ് സന്ദീപ് വാരിയർ എം.എൽ.എ. പറഞ്ഞു.

സോണിയാഗാന്ധിയുടെ ആത്മകഥയായ 'ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്' എന്ന പുസ്തകത്തിന്റെ ജില്ലാതല വില്പനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒരു രാഷ്ട്രീയവിദ്യാർഥി എന്ന നിലയിൽ താനും ഈ പുസ്തകം വായിക്കാൻ വലിയ ആകാംക്ഷയിലാണ്. രാഷ്ട്രീയത്തിൽ പരിവർത്തനമുണ്ടായപ്പോൾ മുതലാണ് സോണിയാഗാന്ധിയെക്കുറിച്ച് കൂടുതൽ വായിക്കാനും മനസിസ്ലാക്കാനുമായത്. ധീരവനിതയാണ് സോണിയാഗാന്ധി. ഒന്ന് മൂളിയിരുന്നെങ്കിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമായിരുന്നു അവർ. നിസ്സാരമായി കടന്നുവരാൻ കഴിയുമായിരുന്നിട്ടും തനിക്ക് പ്രധാനമന്ത്രിപദം വേണ്ടെന്ന് വെക്കാൻ കാണിച്ച ധീരമായ മനസ്സ്. ലോകചരിത്രത്തിൽ തന്നെ അപൂർവമായി രേഖപ്പെടുത്തേണ്ടുന്ന കടുത്തൊരു തീരുമാനമായിരുന്നു അത്. ഇന്ത്യയുടെ രാഷ്ട്രീയ ഗതിവിഗതികളെ നിശ്ചയിച്ച പ്രധാനപ്പെട്ട അംഗമെന്ന നിലയ്ക്കും ആ കുടുംബത്തിലും രാജ്യത്തിനും സംഭവിച്ചിട്ടുള്ള ദുരന്തങ്ങൾ നേരിട്ട് അനുഭവിക്കേണ്ടി വന്നയാൾ എന്ന നിലയിലും കൂടി വേണം സോണിയാഗാന്ധിയുടെ ജീവിതാനുഭവത്തെ അറിയാൻ. അതുകൊണ്ടുതന്നെയാണ് പുസ്തകമിറങ്ങിയപ്പോൾ തന്നെ വലിയ ചർച്ചയാകുന്നതും -സന്ദീപ് വാരിയർ പറഞ്ഞു. കാഞ്ഞങ്ങാട് മാതൃഭൂമി ബുക്‌സിൽ നടന്ന ചടങ്ങിൽ ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. പി.വി. സുരേഷ് പുസ്തകം ഏറ്റുവാങ്ങി. മാതൃഭൂമി സീനിയർ റിപ്പോർട്ടർ ഇ.വി. ജയകൃഷ്ണൻ അധ്യക്ഷനായി. മുസ്‌ലിം ലീഗ് നേതാവ് സി. മുഹമ്മദ്കുഞ്ഞി, കോൺഗ്രസ് ബളാൽ ബ്ലോക്ക് പ്രസിഡന്റ് മധുസൂദനൻ ബാലൂർ, കാഞ്ഞങ്ങാട് പ്രസ്‌ഫോറം പ്രസിഡന്റ് ഫസലു റഹ്‌മാൻ, 'മാതൃഭൂമി' ബുക്‌സ് കസ്റ്റമർ റിലേഷൻസ്‌ എക്‌സിക്യൂട്ടീവ് വി. സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു.