എൽ.ഡി.എഫ്. ആഹ്ലാദപ്രകടനം

പിലിക്കോട് : പഞ്ചായത്ത് എൽ.ഡി.എഫിനൊപ്പമെന്ന് ഒരിക്കൽക്കൂടി തെളിയിക്കുന്നതായി ഉപതിരഞ്ഞെടുപ്പ് വിജയം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ച സി.പി.എമ്മിലെ ടി.വി.മിനി രാജിവെച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. തിരഞ്ഞെടുപ്പ് അടിച്ചേൽപ്പിച്ച സി.പി.എമ്മിനെ പരാജയപ്പെടുത്തണമെന്ന്് ആവശ്യപ്പെട്ട് വലിയ പ്രചാരണമാണ് യു.ഡി.എഫ്. നടത്തിയത്. സന്ദീപ് വാരിയർ എം.എൽ.എ., ഡി.സി.സി. പ്രസിഡന്റ് പി.കെ.ഫൈസൽ ഉൾപ്പെടെയുള്ള യു.ഡി.എഫ്. നേതാക്കൾ പ്രചാരണത്തിനെത്തി പ്രവർത്തകർക്ക് ആവേശം നൽകിയെങ്കിലും സി.പി.എമ്മിന്റെ അടിത്തറയിളക്കാനായില്ല.

കഴിഞ്ഞതവണ 942 വോട്ട് പോൾ ചെയ്തപ്പോൾ 593 വോട്ട്‌ ലഭിച്ച എൽ.ഡി.എഫിന് ഇത്തവണ 903 സമ്മതിദായകർ വോട്ട് രേഖപ്പെടുത്തിയതിൽ 591-ഉം ലഭിച്ചു. രണ്ട് വോട്ടിന്റെ കുറവ്. കഴിഞ്ഞ തവണ 283 വോട്ട് ലഭിച്ച യു.ഡി.എഫിന് ഇത്തവണ 294 ലഭിച്ചു. 11 വോട്ട് കൂടുതൽ കിട്ടി. കഴിഞ്ഞതവണ 65 വോട്ട് ലഭിച്ച ബി.ജെ.പി.ക്ക് ഇത്തവണ അത് 18 ആയി ചുരുങ്ങി. ഉപതിരഞ്ഞെടുപ്പ് ഫലം എൽ.ഡി.എഫ്. പ്രവർത്തകർ പടക്കം പൊട്ടിച്ചും മധുരപലഹാരം വിതരണംചെയ്തും ആഘോഷമാക്കി. വൈകിട്ട് കാലിക്കടവിൽ ആഹ്ലാദപ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. രവീന്ദ്രൻ മാണിയാട്ട് അധ്യക്ഷത വഹിച്ചു. വി.പി.പി.മുസ്തഫ, ഇ.കുഞ്ഞിരാമൻ, പി.കുഞ്ഞിക്കണ്ണൻ, എം.വി.ചന്ദ്രൻ, കെ.പ്രഭാകരൻ എന്നിവർ സംസാരിച്ചു.