അജാനൂരിൽ മീൻപിടിത്ത തുറമുഖം യാഥാർഥ്യമാക്കുമെന്ന് മുഖ്യമന്ത്രി

150 കോടി രൂപ നീക്കിവെക്കും

കാഞ്ഞങ്ങാട് : അജാനൂർ കടപ്പുറത്ത് മീൻപിടിത്ത തുറമുഖം യാഥാർഥ്യമാക്കുമെന്നും ഇതിനായി 150 കോടി രൂപ ചെലവഴിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. ഇനി താൻ അജാനൂർ കടപ്പുറത്തേക്ക് വരുന്നത് ഇതിന്റെ തറക്കല്ലിടാനായിരിക്കുമെന്നും നാടിന്റെ സ്വീകരണത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

പണത്തിനായി നബാർഡിനെ സമീപിക്കും. അതു കിട്ടിയില്ലെങ്കിലും പണം കണ്ടെത്തും. കേരളത്തിലെ ഏറ്റവും പ്രയാസപ്പെടുന്നവരാണ് തീരദേശത്തെ ജനങ്ങൾ. കാലാവസ്ഥാവ്യതിയാനവും മറ്റും കൂടുതലായി ബാധിക്കുന്നത് ഇവരെയാണ്. തീരദേശജനതയെ വിധിക്ക് വിട്ടുകൊടുക്കാതെ ചേർത്തുപിടിക്കും. ലൈഫ് മിഷന്റെ ഭാഗമായുള്ള ഭവനനിർമാണത്തിനുള്ള തുക ആറുലക്ഷമാക്കി. ഇനിയും കൂട്ടും. പുനർഗേഹം പദ്ധതി പരിഷ്‌കരിക്കും.

തീരദേശ വികസനത്തിന്റെ ഭാഗമായി കുറേയേറെ കോഴ്‌സുകൾ പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ വരും. അതിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സംവരണം നൽകും-മുഖ്യമന്ത്രി പറഞ്ഞു.

രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. അധ്യക്ഷനായി. എം.എൽ.എ.മാരായ ഗോവിന്ദൻ പള്ളിക്കാപ്പിൽ, കെ. നീലകണ്ഠൻ, കളക്ടർ ശ്രീധന്യ സുരേഷ്, ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസൽ, കേരള കോൺഗ്രസ് നേതാവ് ഷൈജി ഓട്ടപ്പള്ളി, വാർഡ് അംഗങ്ങളായ സി. സുമിത, അപർണ, രതീഷ് ചിത്താരി, എ. ഹമീദ്ഹാജി, ബഷീർ വെള്ളിക്കോത്ത്, അജാനൂർ കൂറുംബ ഭഗവതി ക്ഷേത്രം പ്രസിഡന്റ് വി.വി. സുഹാസ്, സെക്രട്ടറി എ.കെ. ഷാജി, കൊത്തിക്കാൽ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ഹസ്സൻഹാജി കൊത്തിക്കാൽ, സെക്രട്ടറി നൗഷാദ് കൊത്തിക്കാൽ, അമ്പാടിക്കാരണവർ, മൂത്തഭഗവതി ആയത്താർ, ഹസ്സൻഹാജി, എ.കെ. വേണു എന്നിവർ സംസാരിച്ചു.