കൈകൂപ്പാം നമുക്ക് ഈ ‘ഓളിയാട്ടൽ’ കണ്ട്

കരിവെള്ളൂർ : രാവിലെയും വൈകീട്ടുമായി അഞ്ചുമണിക്കൂറോളം നൂറുമേനി വിളഞ്ഞ വയലിനു നടുവിലിരുന്ന് പാത്രംകൊട്ടി ശബ്‌ദമുണ്ടാക്കുക. കുണിയനിലെ വയലുകളിലെ ഇപ്പോഴത്തെ പതിവുകാഴ്ചയാണിത്. നെൽക്കതിർ കൊണ്ടുപോകാൻ കൂട്ടമായെത്തുന്ന തത്തയുടെ വിഭാഗത്തിൽ പെടുന്ന ഓളിപ്പക്ഷികളെ ഓടിക്കാനാണ് കർഷകരുടെ ‘ഓളിയാട്ടൽ’. നെൽക്കതിരിന്റെ അടിഭാഗത്തെ ഓളിക്കാമ്പ് എന്ന് പറയാറുണ്ട്. കൂട്ടമായെത്തി ഓളിക്കാമ്പ് അടക്കമുള്ള നെൽക്കതിർ മുറിച്ചുകൊണ്ടുപോകുന്ന തത്തയെ പോലെയുള്ള പച്ചനിറമുള്ള പക്ഷികളെ ഓളികൾ എന്നാണ് വിളിക്കാറ്. ഓളിപ്പക്ഷികളെ ഓടിക്കലാണ് നാട്ടിൻപുറങ്ങളിൽ ഓളിയാട്ടൽ. കരിവെള്ളൂർ-പെരളം പഞ്ചായത്തിലെ നെല്ലറയായി അറിയപ്പെട്ടിരുന്ന പ്രദേശമാണ് കുണിയൻ. ഉപ്പുവെള്ളം കയറൽ, തൊഴിലാളിക്ഷാമം, രോഗങ്ങൾ തുടങ്ങിയ പ്രതിസന്ധികളെല്ലാം ഒന്നിച്ചുവന്നപ്പോൾ ഭൂരിഭാഗം കർഷകരും വയലിൽനിന്ന് കരകയറി. വർഷങ്ങൾക്ക് മുമ്പ് വരെ പൊൻകതിരുകൾ തലയാട്ടി ചിരിച്ചിരുന്ന വയലുകൾ ഇന്ന് കുറ്റിക്കാടുകൾ നിറഞ്ഞു.
എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് വയലിൽ കഠിനാധ്വാനം ചെയ്ത കർഷകർക്കാണ് ഇപ്പോൾ കിളികൾ വെല്ലുവിളിയായത്. കുണിയനിലെ ഒന്നാംകൃഷിയിറക്കിയ വയലുകളിൽ നല്ല വിളവാണ് ഇത്തവണയുണ്ടായിരിക്കുന്നത്. വിളഞ്ഞു നിൽക്കുന്ന പൊൻകതിരുകൾ കാത്തുസൂക്ഷിക്കാനാണ് കർഷകർ നെട്ടോട്ടമോടുന്നത്. ദേശാടനക്കിളികളടക്കം നിരവധി പക്ഷികളുടെ സങ്കേതമാണ് കുണിയൻ. 1000-ത്തോളം ഓളിപ്പക്ഷികൾ ഈ ഭാഗത്തുണ്ട്. രാവിലെയും വൈകിട്ടും സൂര്യപ്രകാശത്തിന്റെ കാഠിന്യം കുറയുമ്പോൾ ഇവ കൂട്ടമായി ആകാശത്ത് വട്ടംകറങ്ങും. ശബ്‌ദമൊന്നുമില്ലാത്ത വയലുകളിൽ പറന്നിറങ്ങി മിനിറ്റുകൾക്കുള്ളിൽ കതിരുകൾ മൊത്തമായി കൊണ്ടുപോകും. കതിരുകൾ കാത്തുസൂക്ഷിക്കാൻ കർഷകർ രാവിലെ തന്നെ കൈയിൽ പ്ലാസ്റ്റിക്കിന്റെയോ ഇരുമ്പിന്റെയോ പത്രവും വടിയുമായി വയലിൽ ഇറങ്ങും. സൂര്യന്റെ ചൂട് കൂടുന്നത് വരെ കൊട്ടിക്കൊണ്ടേയിരിക്കും. വൈകീട്ടും ഇത് ആവർത്തിക്കും. കൃഷി സംരക്ഷിക്കാൻ ഇത്രയും പ്രയാസപ്പെടുന്നതിൽ വിഷമമില്ലേയെന്ന് ചോദിച്ചപ്പോൾ പരമ്പരാഗത കർഷകൻ എം.വി. ശ്രീധരന് ഒറ്റ ഉത്തരമേയുള്ളു; എല്ലാറ്റിനും മുകളിലാണ് കൃഷിയോടുള്ള സ്നേഹം.