കരിവെള്ളൂരിന് വെളിച്ചമേകാൻ കുടുംബശ്രീ

കരിവെള്ളൂർ : വൈദ്യുതത്തൂണിൽ കയറി തെരുവുവിളക്കുകൾ മാറ്റാൻ കരിവെള്ളൂർ-പെരളം പഞ്ചായത്തിൽ ഇനി കരാറുകാരെ കാത്തിരിക്കേണ്ടതില്ല. എൽ.ഇ.ഡി. ബൾബുകൾ നിർമിക്കാനും തൂണിൽ കയറി അവ സ്ഥാപിക്കാനും 25 കുടുംബശ്രീ വനിതകളാണ് ഒരുങ്ങിയിരിക്കുന്നത്.
ജില്ലാപഞ്ചായത്തിന്റെ ഗ്രാമകിരണം പദ്ധതിപ്രകാരമാണ് കുടുംബശ്രീ കൂട്ടായ്മ പുതിയൊരു തൊഴിൽ മേഖലയിലേക്ക് കടന്നുചെല്ലുന്നത്. ബൾബ് നിർമിക്കാനും നന്നാക്കാനും തൂണിൽ കയറാനും 15 ദിവസത്തെ പരിശീലനമാണ് ഇവർക്ക് ലഭിച്ചത്. പഞ്ചായത്തിലെ 16 വാർഡുകളിലെയും തെരുവുവിളക്കുകളുടെ കരാർ കുടുംബശ്രീ കൂട്ടായ്മയ്ക്ക് ലഭിച്ചുകഴിഞ്ഞു. സമീപ പഞ്ചായത്തുകളിലെയും തെരുവുവിളക്കുകളുടെ കരാറിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
എ.വി.അനില പ്രസിഡന്റും എം.വി.അജിത സെക്രട്ടറിയുമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. തെരുവുവിളക്കുകളുടെ പരിപാലനത്തിനൊപ്പം എൽ.ഇ.ഡി. ബൾബ് നിർമിക്കുകയും നന്നാക്കുകയും ചെയ്ത് പൊതുവിപണിയിൽ ഇടപെടാനും ഗ്രാമകിരണം പദ്ധതി കൂട്ടായ്മയ്ക്ക് ഉദ്ദേശ്യമുണ്ട്.
ഗ്രാമകിരണം പദ്ധതി ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയി കുര്യ൯ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.രമേശ൯ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ബോബി, ആ൪.കെ.സുധാമണി, എ.വി.ലേജു, കെ.വി.പ്രീത, സെക്രട്ടറി എസ്.ശിവൻ, വി.വി.പ്രദീപ൯, വരുൺ ചന്ദ്ര൯, കെ.സജിനി, പി.പി.സുരേന്ദ്രൻ, പി.നിഷ, കെ.നിത്യ എന്നിവ൪ സംസാരിച്ചു.