കുഴിയും കുരുക്കും പഴക്കവും സമ്മർദത്തിലാണ് പെരുമ്പപ്പാലം

പയ്യന്നൂർ : പഴയ ദേശീയപാതയിലെ പഴയ പെരുമ്പപ്പാലം സമ്മർദത്തിലാണ്. വർഷങ്ങൾ പഴക്കമുള്ള പാലത്തിന്റെ നിർമാണത്തിൽത്തന്നെ പ്രശ്നങ്ങൾ ഉടലെടുത്തുകഴിഞ്ഞു. നിറയെ കുഴികളും ഭാരവാഹന ഗതാഗതവും കാരണം ഇനിയും അറ്റകുറ്റപ്പണിചെയ്ത് പാലം നിലനിർത്തുന്നത് അപകടസാധ്യതയുണ്ടാക്കുന്നു. ഇവിടെ പുതിയ പാലം വന്നേ പറ്റൂ.

പയ്യന്നൂർ ടൗണിലേക്കുള്ള പ്രവേശനമാണിത്. എന്നാൽ ഇവിടെ മിക്ക ദിവസങ്ങളിലും ഗതാഗതക്കുരുക്കാണ്. വൈകിട്ടും രാത്രിയും കുരുക്ക് കഠിനമാകും. പെരുമ്പ പാലത്തിലാണ് ക്യൂ തുടങ്ങുന്നത്. അത് കിലോമീറ്ററുകളോളം നീളും. എടാട്ട് ഭാഗത്തുനിന്ന് വേഗത്തിലെത്തുന്ന വാഹനങ്ങൾ വീതികുറഞ്ഞ പെരുമ്പപ്പാലത്തിൽ ഒച്ചിഴയും വേഗത്തിലാകും. ഒരിഞ്ച് നീങ്ങാനാകാതെ വലിയ വാഹനങ്ങളടക്കം നീണ്ടനിരയിൽ കുടുങ്ങും.

വർഷങ്ങൾക്കുമുൻപ് കേന്ദ്ര ദേശീയപാതാവിഭാഗം ഈ പാലത്തിന്റെ ബലക്ഷയത്തെപ്പറ്റി പഠിച്ചിരുന്നു. പഠനറിപ്പോർട്ട് പക്ഷേ ആർക്കുമറിയില്ല.

കാലാകാലങ്ങളായി അറ്റകുറ്റപ്പണിയുമായി പാലം നിലനിർത്തിവരികയാണ്.

പാലത്തിന്റെ ഉടമസ്ഥനാര്

:പുതിയ ദേശീയപാത വരുന്നതോടെ ഈ പാലത്തിന്റെ പരിപാലനമടക്കമുള്ളവ ആരു ചെയ്യുമെന്നത് വിഷയമാണ്. നിലവിൽ ദേശീയപാതാ വിഭാഗത്തിനാണ് പരിപാലനച്ചുമതല. പുതിയ ദേശീയപാത-66-ൽ പെരുമ്പ പുഴയ്ക്കുള്ള പാലം അകലെയാണ്. പഴയ ദേശീയപാതയുമായി ഒരുതരത്തിലും ബന്ധമില്ല. അതിനാൽ പഴയ ദേശീയപാതയിലെ പാലത്തിന്റെ ഉത്തരവാദിത്വം ആർക്കാണെന്നതിൽ നിശ്ചയമില്ല.

സംസ്ഥാന പൊതുമരാമത്ത് (എൻ.എച്ച്. വിഭാഗം) ഇത് കൈകാര്യംചെയ്യുമോ എന്നതടക്കം ജനപ്രതിനിധികൾ വിലയിരുത്തണം. 3.62 കിലോമീറ്റർ നീളമുള്ള പയ്യന്നൂർ ബൈപ്പാസ് കോത്തായിമുക്ക് പുതിയങ്കാവിൽനിന്ന് തുടങ്ങി എടാട്ട് കണ്ണങ്ങാട്ട് അവസാനിക്കും. ഈ ബൈപ്പാസിലെ പുതിയ പെരുമ്പപ്പാലം പൂർത്തിയായി. ഇതിലൂടെ ഗതാഗതം തുറന്നുകൊടുത്താൽ ഭാരവാഹനങ്ങളുടെ പോക്ക് നിയന്ത്രിക്കാം.

പഴയ പദ്ധതി വരുമോ?

:ചെറുനഗരങ്ങളെയും ദേശീയപാതയെയും ബന്ധിപ്പിക്കുന്ന പഴയ ആ പദ്ധതി ഇപ്പോഴും ആവശ്യമാണ്. പെരുമ്പയിൽനിന്ന് തുടങ്ങി പുഴയ്ക്ക് പാലവും റോഡുമുള്ളതായിരുന്നു പദ്ധതി. സി.കൃഷ്ണൻ എം.എൽ.എ.യായിരുന്ന കാലത്ത് അതിന്റെ അടങ്കൽ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയിരുന്നു. അനുമതി ലഭിക്കുകയും ചെയ്തു. പിന്നീട് വിശദ പദ്ധതിരേഖയും തയ്യാറാക്കി. 100 കോടി രൂപ ഏകദേശ ചെലവ് വരുമെന്നതിനാൽ കിഫ്ബിക്ക് കൊടുക്കണമെന്ന് പറഞ്ഞ് അത് മാറ്റിവെക്കുകയായിരുന്നു.

പിന്നീട് ടി.ഐ.മധുസൂദനൻ എം.എൽ.എ.യുടെ കാലത്തും ഈ വിഷയം ഉയർത്തിയിരുന്നു. പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡിൽനിന്ന് ദേശീയപാതയിലേക്ക് ബൈപ്പാസ് റോഡും പെരുമ്പപ്പുഴയ്ക്ക് പാലവും നിർമിക്കാൻ 2026-27-ലെ പുതുക്കിയ ബജറ്റിൽ തുക വകയിരുത്തിയതായി വി.കുഞ്ഞികൃഷ്ണൻ എം.എൽ.എ. അറിയിച്ചിരുന്നു.