പാപ്പിനിശ്ശേരി ആസ്പത്രി വികസനം മുടന്തുന്നു

25 കോടിയുടെ പദ്ധതി എങ്ങുമെത്തിയില്ല
പാപ്പിനിശ്ശേരി : നൂറുകണക്കിന് നിർധനരോഗികൾ നിത്യേന എത്തുന്ന പാപ്പിനിശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ വികസനം മുടന്തുന്നു. 25 കോടി രൂപയുടെ വികസനപദ്ധതികൾ പ്രഖ്യാപിച്ച് മാസങ്ങളായെങ്കിലും ഒരുനടപടിയും ഉണ്ടായിട്ടില്ല. നിത്യേന 450- 600-നും ഇടയിൽ രോഗികൾ എത്തുന്ന പ്രധാന ആതുരാലയമായിട്ടും ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളോ കിടത്തിച്ചികിത്സയോ ഇല്ലാത്ത ആസ്പത്രിയായി ഇവിടം മാറി.
വർഷങ്ങളായുള്ള ജനകീയ പ്രതിഷേധങ്ങൾക്കും നിവേദനങ്ങൾക്കും ഒടുവിലാണ് ആസ്പത്രി പൊളിച്ച് അത്യാധുനിക ആതുരാലയമാക്കി ഉയർത്താൻ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചത്. ഇതിനായി പുതിയ കെട്ടിടം നിർമിക്കാൻ ഭരണസമിതി സർക്കാരിനോട് ആവശ്യപ്പെട്ടതോടെയാണ് നബാർഡ് ഫണ്ടിൽനിന്ന് 25 കോടി അനുവദിക്കുമെന്ന് അറിയിച്ചത്. എന്നാൽ, അറിയിപ്പ് വന്ന് മാസങ്ങൾ കഴിഞ്ഞിട്ടും ഒരുനടപടിയും ഇക്കാര്യത്തിൽ ഉണ്ടായില്ല. ശുപാർശകൾ മുകളിലോട്ട് അയച്ചിട്ടുണ്ടെന്നതല്ലാതെ എന്ത് നടപടിയാണ് ഉണ്ടായതെന്ന കാര്യത്തിൽ ഇപ്പോഴും അധികൃതർ ഇരുട്ടിൽ തപ്പുകയാണ്.
സർക്കാരിന് നൽകിയ ശുപാർശയിൽ നിലവിലുള്ള കെട്ടിടസമുച്ചയങ്ങൾ പൂർണമായും പൊളിച്ചുനീക്കി പുതിയ കെട്ടിടം നിർമിക്കാനാണ് ആവശ്യപ്പെട്ടത്. കണ്ണൂർ-തളിപ്പറമ്പ് ദേശീയപാതയോരത്തെ 56 സെന്റ് ഭൂമിയിലാണ് നിലവിൽ ആസ്പത്രി പ്രവർത്തിക്കുന്നത്. നിലവിലുള്ള പല കെട്ടിടങ്ങളും കാലപ്പഴക്കത്താൽ ഗുരുതരമായ അപാകം നേരിടുന്നവയാണ്.
നിലവിലുള്ള കെട്ടിടങ്ങൾ പൂർണമായി പൊളിച്ചുനീക്കി അടിഭാഗത്ത് പാർക്കിങ് സൗകര്യം അടക്കം ഒരുക്കി ബഹുനിലകെട്ടിടം നിർമിക്കുകയാണ് ലക്ഷ്യമിടുന്നത്. കെട്ടിടം പൊളിക്കുമ്പോൾ ആസ്പത്രിയുടെ പ്രവർത്തനം താത്കാലികമായി സമീപത്തെ ഇ.എസ്.ഐ. ആസ്പത്രിയിലേക്ക് മാറ്റാനും ധാരണയുണ്ടായിരുന്നു. താലൂക്ക് ആസ്പത്രിയുടെ നിലവാരത്തിൽ ഉയർത്തുമെന്ന് വിവിധ ഘട്ടങ്ങളിൽ പ്രധാന മുന്നണികളെല്ലാം അവരുടെ പ്രകടന പത്രികകളിൽ പ്രഖ്യാപിക്കാറുണ്ട്. എന്നാൽ, ജയിച്ചുകഴിഞ്ഞാൽ അതെല്ലാം മറക്കുന്നതായാണ് അനുഭവം.
രോഗികൾ അനുഭവിക്കുന്നത് വലിയ ദുരിതം
:നിർധനരോഗികളുടെ ആശ്രയമായ പാപ്പിനിശ്ശേരി ആസ്പത്രിയിലെത്തുന്നവർ അനുഭവിക്കുന്നത് വലിയ ദുരിതമാണ്. ഡോക്ടറെ കാണാനും മരുന്ന് വാങ്ങാനും നീണ്ട കാത്തിരിപ്പാണ്. ഇടുങ്ങിയ ഇടനാഴികളിൽ ആവശ്യമായ ഇരിപ്പിടങ്ങൾ പോലുമില്ല. ഉച്ചവരെ വിവിധ ഡോക്ടർമാരുടെ സേവനമുണ്ടെങ്കിലും പിന്നീട് നാമമാത്രമായ സേവനമാണ് പലപ്പോഴും ലഭിക്കുന്നത്.
കിടത്തിച്ചി കിത്സയ്ക്കായി രണ്ടുപതിറ്റാണ്ട് മുൻപ് 56 കിടക്ക സൗകര്യം ഉൾപ്പെടുത്തി വാർഡുകൾ ഒരുക്കിയിരുന്നു. എന്നാൽ, അത്തരം വാർഡുകളിൽ പലതും ഇപ്പോൾ മറ്റ് ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. കുട്ടികളുടെ വാർഡിലാണെങ്കിൽ പഴയ ഫർണിച്ചർ സൂക്ഷിക്കുന്ന ഇടമാണ്.
മുൻപ് പ്രതിമാസം 30-ഒാളം പ്രസവങ്ങൾ നടന്നിരുന്നു. എന്നാൽ, ഗൈനക്കോളജി ഡോക്ടറുടെ സേവനം ഇപ്പോഴില്ല. ലേബർ വാർഡ് അടച്ചിട്ട് കാലങ്ങളായി.
പഴയ ജനറേറ്ററുണ്ടെങ്കിലും ആസ്പത്രിയുടെ പ്രവർത്തനത്തിന് അത് പര്യാപ്തമില്ല. പുതിയ ജനറ്റേറിന് പണം അടച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഇനിയും എത്തിയില്ല.
എക്സ്റേ സംവിധാനം ഡിജിറ്റൈസ് ചെയ്യാൻ ഒന്നരവർഷം മുൻപ് തീരുമാനിച്ചെങ്കിലും ഇപ്പോഴും പഴയരീതിയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്.
പല തസ്തികയിലും കരാർ ജീവനക്കാർ
ആസ്പത്രിയിൽ കരാർവ്യവസ്ഥയിൽ എട്ടുപേർ ജോലി ചെയ്യുന്നുണ്ട്. നൂറുകണക്കിന് രോഗികൾ എത്തുന്ന ആസ്പത്രിയിലെ ഫാർമസിയിൽ ഒരു ഫാർമസിസ്റ്റ് തസ്തിക മാത്രമാണുള്ളത്. അതിനാൽ കരാർവ്യവസ്ഥയിലാണ് മറ്റു ഫാർമസിസ്റ്റുകൾ ജോലിചെയ്യുന്നത്.
കരാർജീവനക്കാരുടെ വേതനം ആസ്പത്രി വികസനഫണ്ട് വഴിയാണ് നൽകുന്നത്. പരിമിതമായ ഈ ഫണ്ട് ഉപയോഗിച്ച് കരാർജീവനക്കാരുടെ വേതനം നൽകാൻ പോലും തികയാത്ത സ്ഥിതിയാണെന്നാണ് ആസ്പത്രി അധികൃതർതന്നെ വ്യക്തമാക്കുന്നത്.