പാപ്പിനിശ്ശേരിയിൽ അപകടക്കെണി

പാപ്പിനിശ്ശേരി : ദേശീയപാതയിൽ പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപം പുതിയ പാതയും പഴയ പാതയും കൂടിച്ചേരുന്ന ഭാഗത്ത് നിരന്തരമുണ്ടാകുന്ന അപകടങ്ങൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. കീച്ചേരിഭാഗത്തുനിന്ന് വേളാപുരം സർവീസ് റോഡ് വഴി വരുന്ന വാഹനങ്ങൾ പാപ്പിനിശ്ശേരി അടിപ്പാത വഴി കയറുന്നത് പഴയ പാതയിലേക്കാണ്.
അതേസമയം കണ്ണൂർ ഭാഗത്തുനിന്ന് നിലവിലുള്ള ദേശീയപാത വഴി വരുന്ന വാഹനങ്ങൾ അടിപ്പാതയ്ക്ക് മുന്നിൽനിന്ന് വീതി കുറഞ്ഞ പുതിയപാതയുടെ സർവീസ് റോഡിലേക്ക് കയറുന്ന ഭാഗമാണ്.
ഇരുഭാഗത്തുംനിന്ന് വരുന്ന വാഹനങ്ങൾ അടിപ്പാതയ്ക്ക് സമീപത്തുനിന്ന് മറ്റു വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് കൂട്ടിയിടിക്കുന്നത്. മിക്ക ദിവസങ്ങളിലും ഈ ഭാഗത്ത് അപകടങ്ങളും
തർക്കങ്ങളും പതിവായിട്ടുണ്ട്. സമീപത്ത് കച്ചവടസ്ഥാപനങ്ങളും ബാങ്കും പ്രവർത്തിക്കുന്നുണ്ട്. ഇത്തരം കേന്ദ്രങ്ങളിൽ എത്തുന്ന വാഹനങ്ങളും പഴയ പാതയും പുതിയ പാതയും കൂടിച്ചേരുന്ന ഭാഗത്ത് തിരക്കിന് കാരണമാണ്. ഇതിനിടയിലൂടെ അമിതവേഗത്തിലെ വാഹനക്കുതിപ്പാണ് പല അപകടങ്ങൾക്കും കാരണമാകുന്നത്.
പ്രശ്നപരിഹാരത്തിന് പ്രദേശത്ത് താത്കാലിക ഡിവൈഡർ സ്ഥാപിച്ച് വാഹനങ്ങളെ നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാണ്.