വളപട്ടണം മികച്ച പോലീസ് സ്റ്റേഷൻ; വിവിധ മേഖലയിലെ ഉദ്യോഗസ്ഥർക്കും ആദരവ്

കണ്ണൂർ : കണ്ണൂർ സിറ്റി പോലീസ് ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച പോലീസ് സ്റ്റേഷനുകളെയും ഉദ്യോഗസ്ഥരെയും ആദരിച്ചു. കണ്ണൂർ സിറ്റി പോലീസ് പരിധിയിലെ ക്രമസമാധാന പാലനത്തിലും കുറ്റകൃത്യങ്ങൾ തടയുന്നതിലുമുള്ള മികച്ച പ്രവർത്തനങ്ങൾക്കാണ് അംഗീകാരം. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളുടെ പ്രകടനം വിലയിരുത്തിയതിൽ വളപട്ടണം പോലീസ് സ്റ്റേഷൻ മികച്ച സ്റ്റേഷനായി തിരഞ്ഞെടുത്തു. കണ്ണപുരം മികച്ച രണ്ടാം സ്റ്റേഷനുള്ള അവാർഡിന് അർഹമായി.
മയക്കുമരുന്ന് കേസ് കണ്ടെത്തൽ, സ്വമേധയാ കേസെടുക്കൽ, കളവുകേസ് തെളിയിക്കൽ, കേസന്വേഷണത്തിലെ മികവ്, പരാതി പരിഹാരം തുടങ്ങിയവയാണ് സ്റ്റേഷനുകളെ മുന്നിലെത്തിച്ച പ്രധാന ഘടകങ്ങൾ.
കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ ബി.വി. വിജയ ഭരത് റെഡ്ഡി മൊമെന്റോയും പ്രശംസാപത്രവും വിതരണം ചെയ്തു. മികച്ച പോലീസ് സ്റ്റേഷനുള്ള അവാർഡ് വളപട്ടണം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. ടി.എം. വിപിനും രണ്ടാമത് പോലീസ് സ്റ്റേഷനുള്ള അവാർഡ് കണ്ണപുരം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. എൻ.കെ. സഹദും ഏറ്റുവാങ്ങി. വിവിധ പ്രവർത്തന മികവ് കാഴ്ചവെച്ച ഉദ്യോഗസ്ഥർക്കുള്ള പ്രശംസാപത്രങ്ങളും വിതരണം ചെയ്തു.