പയ്യാവൂരിൽ തൂക്കുവേലി തകർത്ത് വീണ്ടും കാട്ടാനക്കൂട്ടമെത്തി

പയ്യാവൂർ : കർണാടക വനാതിർത്തിയോട് ചേർന്ന പയ്യാവൂർ ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ മതിലേരിഭാഗത്ത് സൗരോർജ തൂക്കുവേലി തകർത്ത് ജനവാസമേഖലയിലെത്തിയ കാട്ടാനക്കൂട്ടം കൃഷിയിടങ്ങൾ നശിപ്പിച്ചു. എട്ടോളം കാട്ടാനകൾ ചേർന്ന് തെങ്ങ്, കമുക്, വാഴ, കശുമാവ്, കുരുമുളക് തുടങ്ങിയവയാണ് നശിപ്പിച്ചത്.

നാല് വർഷങ്ങൾക്ക് മുൻപ് ജില്ലാ പഞ്ചായത്തിന്റെ 40 ലക്ഷവും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിന്റെ അഞ്ച് ലക്ഷവും പയ്യാവൂർ പഞ്ചായത്തിന്റെ 35 ലക്ഷവും ചേർത്ത് 80 ലക്ഷം രൂപ ചെലവഴിച്ചാണ് വനാതിർത്തിയിൽ കാട്ടാനകളെ പ്രതിരോധിക്കാൻ ഫലപ്രദമായ സൗരോർജ തൂക്കുവേലി സ്ഥാപിച്ചിരുന്നത്.

എന്നാൽ, നിലവിൽ ആനകൾ മരങ്ങൾ തള്ളിയിട്ട് തൂക്കുവേലിയുടെ തൂണുകൾ തകർത്താണ് ജനവാസമേഖലയിൽ ഇറങ്ങുന്നത്. കഴിഞ്ഞയാഴ്ചയും ഇങ്ങനെ കൃഷിയിടങ്ങളിലെത്തിയ പത്തോളം കാട്ടാനകളെ വനംവകുപ്പിന്റെ ദൗത്യസംഘം എത്തി കാട്ടിലേക്ക് തുരത്തിയിരുന്നു.

ആനകൾ തകർത്ത വേലി പയ്യാവൂർ പഞ്ചായത്ത് പുനഃസ്ഥാപിച്ചു. ചൊവ്വാഴ്ച വീണ്ടും ദൗത്യസംഘം എത്തി കാഞ്ഞിരക്കൊല്ലിയിൽ ജനവാസമേഖലയിലെത്തിയ കുട്ടിയാനയടക്കം അഞ്ച് കാട്ടാനകളെ കാട്ടിലേക്ക് തിരികെ കയറ്റിവിട്ടു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ

എൻ.സി. വിജീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വൈശാഖ്, സുജിത്ത്, രമേശൻ, ഡിവിൻ, വാച്ചർമാരായ രജീഷ്, പ്രസാദ്, ലജീഷ്, വാർഡ് മെമ്പർ ജോമോൻ മാത്യു, ബിജു കുറത്താഴ തുടങ്ങിയവരാണ് ആനകളെ കാട്ടിനുള്ളിലേക്ക് തിരികെ കയറ്റിവിടാൻ നേതൃത്വം നൽകിയത്.