പഴശ്ശി പദ്ധതി: റോഡുകൾ പൊതുമരാമത്ത് വകുപ്പിന് കൈമാറും

ഇരിട്ടി : പഴശ്ശി പദ്ധതി പ്രദേശത്തേക്ക് എത്തുന്ന ജലസേചന വകുപ്പിന്റെ അധീനതയിൽപ്പെട്ട റോഡുകൾ പൊതുമരാമത്ത് വകുപ്പിന് കൈമാറാൻ ആലോചനയുണ്ടെന്ന് മന്ത്രി അറിയിച്ചു.

ഇതിനായി പൊതുമരാമത്ത് മന്ത്രിയുമായി ആശയവിനിമയം നടത്തും. റോഡുകൾ നന്നാക്കാനുള്ള വിഭവശേഷി ജലസേചന വകുപ്പിനില്ല. അതിനാലാണ് റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നതെന്ന് പഴശ്ശി പദ്ധതിപ്രദേശം സന്ദർശിച്ച മന്ത്രി പറഞ്ഞു.

ബഫർസോൺ വിഷയം പരിഹരിക്കും

കേരളത്തിലെ ഡാമുകളോട് ചേർന്നുള്ള പ്രദേശങ്ങളിൽ ബഫർസോണായി പ്രഖ്യാപിച്ചതിലൂടെ കെട്ടിടങ്ങളും വീടുകളും നിർമിക്കുന്നതിനുള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി സർക്കാർ നടപടി സ്വീകരിക്കും. കഴിഞ്ഞ സർക്കാർ നടപ്പാക്കിയ നിയമം പുനഃപരിശോധിക്കും. ഇതുസംബന്ധിച്ച് മുൻമന്ത്രി നിയമസഭയിൽ നൽകിയ വാഗ്ദാനം നടപ്പായിട്ടില്ല.

യു.ഡി.എഫ്. സർക്കാർ ഇത് യാഥാർഥ്യമാക്കും. ബഫർസോൺ പരിധി 10 മീറ്ററായി കുറയ്ക്കുന്ന കാര്യമാണ് സർക്കാർ പരിഗണനയിലുള്ളത്. ഇക്കാര്യം അടുത്ത മന്ത്രിസഭായോഗത്തിൽ ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്.

ഇത് മുഖ്യമന്ത്രിയുമായി ചർച്ചചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

ചീഫ് എൻജിനീയർ സി.എസ്. സിനോഷ്, സൂപ്രണ്ടിങ് എൻജിനീയർ സാലു സുധാകർ, എക്‌സിക്യൂട്ടീവ് എൻജിനീയർ എ. അനൂപ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ടി.ആർ. സുശീല ദേവി, അസിസ്റ്റന്റ് എൻജിനീയർ എം. സൂര്യാ രവീന്ദ്രൻ, എൻജിനീയർമാരായ യു.സി. ഷംസാദ്, മുരളീഷ് പുതിയപുരയിൽ, കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് റോജസ് സെബാസ്റ്റ്യൻ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.