വളപട്ടണം പാലത്തിനും വേണം മേജർ ശസ്ത്രക്രിയ; കുഴിയാണ് കുരുക്കാണ്

പാപ്പിനിശ്ശേരി : ദേശീയപാത 66-ലെ സുപ്രധാനമായ വളപട്ടണം പാലം ശോച്യാവസ്ഥയിൽ. അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ പാലത്തിലൂടെയുള്ള യാത്ര പരിതാപകരമാകും. നാലരപ്പതിറ്റാണ്ട് മുൻപ് തുറന്നുകൊടുത്ത പാലത്തിന് കാലപ്പഴക്കം കാരണം നിരവധി അപാകങ്ങൾ ബാധിച്ചിരിക്കുകയാണ്. 1980-ൽ തുറന്നുകൊടുത്ത പാലത്തിൽ 2016-ൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു. എന്നാൽ, വീണ്ടും പലയിടത്തും തകർന്ന് പാലം ഭീഷണി നേരിടുകയാണ്.
കണ്ണൂർ-തളിപ്പറമ്പ് ദേശീയപാതയിലെ ഏറ്റവും വലിയ പാലമാണിത്. മിക്കദിവസവും ഇവിടം ഗതാഗതക്കുരുക്കുമൂലം വീർപ്പുമുട്ടുകയാണ്. അരക്കിലോമീറ്ററോളം ദൈർഘ്യമുള്ള പാലത്തിലെ തടസ്സമില്ലാത്ത യാത്ര ദേശീയപാത 66-ലെ സുഖയാത്രയ്ക്ക് ഏറ്റവും പ്രാധാന്യം ഏറിയതാണ്. എന്നാൽ, പാലത്തിലെ തിരമാല ടാറിങ്ങും ഉപരിതലത്തിലെ ടാറിങ് ഇളകിയതും രൂപപ്പെട്ട നിരവധി കുഴികളും യാത്രയെ കാര്യമായി ബാധിക്കുന്നു. എന്നിട്ടും അധികൃതർ ഇപ്പോഴും ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്.
നടപ്പാതയും ശോച്യാവസ്ഥയിൽ
വളപട്ടണം പാലത്തിലെ റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പുറമെ നടപ്പാതയുടെ സ്ഥിതി അതീവ പരിതാപകരമാണ്. പല സ്ഥലത്തും നടപ്പാത പൊട്ടിത്തകർന്ന് കിടക്കുകയാണ്. ചിലസ്ഥലത്ത് പൊട്ടിയഭാഗത്ത് ചാക്കിൽ പൂഴിനിറച്ച് അടച്ചസ്ഥിതിയാണ്. നടപ്പാതയുടെ മേൽ സ്ലാബ് ഇളക്കി എല്ലാ കമ്പനികളുടെയും കേബിളുകൾ കടത്തിവിട്ടതോടെയാണ് നടപ്പാതയുടെ ദുര്യോഗം തുടങ്ങിയത്. പിന്നീട് സ്ലാബുകൾ കൃത്യമായി സ്ഥാപിക്കുന്നതിലുണ്ടായ ഗുരുതരവീഴ്ചയാണ് വിനയായത്. അതാടൊപ്പം 2021-ൽ ലോറിയിടിച്ച് തകർന്ന പാലത്തിന്റെ തെക്കുഭാഗത്തെ കൈവരിയുടെ ഭാഗം ഇപ്പോഴും ശരിയാക്കിയിട്ടില്ല. മറ്റുഭാഗങ്ങളിൽ കൈവരി ദ്രവിച്ച് കമ്പികൾപോലും പുറത്തുതള്ളിയ നിലയിലാണ്.
അറ്റകുറ്റപ്പണി നടന്നിട്ട് ഒരു പതിറ്റാണ്ട്
2016-ൽ പുനർടാറിങ്ങും തൂണുകളിൽ നവീകരണവും നടത്തിയിരുന്നു. 4.04 കോടി രൂപ ചെലവിട്ട് എറണാകുളം ആസ്ഥാനമായ പദ്മജ ഗ്രൂപ്പാണ് അന്ന് അറ്റകുറ്റപ്പണി നടത്തിയത്. 420 മീറ്റർ ദൈർഘ്യമുള്ള പാലത്തിന് 15 സ്പാനുകളാണുള്ളത്. എന്നാൽ, അതിനുശേഷം കാര്യമായ അറ്റകുറ്റപ്പണികളൊന്നും നടന്നില്ല. ആവശ്യമായ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി നടത്തിയില്ലെങ്കിൽ പാലത്തിലെ യാത്ര അതീവ ദുഷ്കരമാകുമെന്നുറപ്പാണ്.