ആറളത്ത് ആനമതിലിന്റെ കോൺക്രീറ്റ് തൂണുകൾ കാട്ടാന തകർത്തു

ഇരിട്ടി : ആറളം വന്യജീവി സങ്കേതത്തിൽനിന്ന് ഫാം പുനരധിവാസ മേഖലയിലേക്ക് കാട്ടാനകൾ പ്രവേശിക്കുന്നത് തടയുന്നതിനായി വനാതിർത്തിയിൽ നിർമിക്കുന്ന ആനമതിലിന്റെ കോൺക്രീറ്റ് തൂണുകൾ കാട്ടാന മറിച്ചിട്ടു. പരിപ്പുതോട് സെക്ഷൻ ഫോറസ്റ്റ് ഓഫീസിന് സമീപത്തെ വനാതിർത്തിയിൽ നിർമിച്ച തൂണുകളാണ് മറിച്ചിട്ടത്. ആദ്യ കരാറുകാരൻ നിർമിച്ച തൂണുകളാണ് ആന തകർത്തത്. മതിലിന്റെ പണി ഇനിയും പൂർത്തിയാകാത്ത സമാനരീതിയിൽ നിർമിച്ച നിരവധി തൂണുകൾ പ്രദേശത്തുണ്ട്. കോടികൾ മുടക്കി പണിയുന്ന മതിലിന്റെ നിർമാണം പൂർത്തിയാകുന്നതിന് മുൻപുതന്നെ തൂണുകൾ ആന തകർക്കുമ്പോൾ മതിലിന്റെ നിർമാണത്തിലെ അപാകമാണെന്ന ആരോപണം ഉയരുകയാണ്.
നിർമാണം പൂർത്തിയാക്കിയ ഭാഗത്തെ മതിലിന്റെ ശേഷിയും ചർച്ചയാവുകയാണ്. ആനകളുടെ ആക്രമണത്തിൽനിന്ന് ആറളം ഫാമിനെയും പുനരധിവാസ മേഖലയിലെ കുടുംബങ്ങളെയും അറളം ഫാമിനെയും സംരക്ഷിക്കുന്നതിനാണ് കോടികൾ മുടക്കി ആനമതിൽ നിർമിക്കുന്നത്. ആദ്യം പ്രവൃത്തി ഏറ്റെടുത്ത കരാറുകാരനെ സർക്കാർ ഒഴിവാക്കിയിരുന്നു. ഇവരുടെ കാലത്ത് നിർമിച്ച മതിലിനെതിരെയാണ് ആരോപണം.
പൊതുമരാമത്ത് വകുപ്പ് കെട്ടിട നിർമാണ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. നിർമാണത്തിൽ ഉപയോഗിച്ച സാമഗ്രികളുടെ ഗുണനിലവാരം, തൂണുകളുടെ ബലക്ഷമത, നിർമാണരീതി, കോൺക്രീറ്റ് ബീമുകളുടെ ഉറപ്പ് എന്നിവ ഉൾപ്പെടെ വിശദമായി പരിശോധിക്കണമെന്നാണ് പുനരധിവാസ കുടുംബങ്ങളുടെ ആവശ്യം.