കുണ്ടൂർ പുഴയിൽ പുതിയ പാലം‌; സാധ്യതാപഠനത്തിന് പണം അനുവദിച്ചു

ഇരിട്ടി : മലയോരമേഖലയിലെ ഏറ്റവും പഴക്കം ചെന്ന റോഡുകളിലൊന്നായ ആനപ്പന്തി-കഞ്ഞിപ്പാറ-അങ്ങാടിക്കടവ് റോഡിന്റെ ഭാഗമായ കുണ്ടൂർ പുഴയ്ക്ക് പുറകെ പുതിയ പാലത്തിനുള്ള സാധ്യത തെളിയുന്നു. പ്രദേശവാസികളുടെ ദീർഘകാലത്തെ ആവശ്യം പരിഗണിച്ച് പുതിയ പാലത്തിനുള്ള സാധ്യതാപഠനത്തിന് പൊതുമരാമത്തുവകുപ്പ് പണം അനുവദിച്ചു. കുടിയേറ്റ കാലത്ത് മലയോരത്തെ ആദ്യത്തെ റോഡ് ആയിരുന്നു ആനപ്പന്തി-കഞ്ഞിപ്പാറ-അങ്ങാടിക്കടവ് റോഡ്. ഇതിലൂടെ ബസ് സർവീസും ഉണ്ടായിരുന്നു. വള്ളിത്തോട്-കരിക്കോട്ടക്കരി-അങ്ങാടിക്കടവ് റോഡ് വികസിച്ചതോടെ ഇവിടെ പുതിയ പാലത്തിനുള്ള സാധ്യതകൾ അടഞ്ഞു. അങ്ങാടിക്കടവിലും ആനപ്പന്തിയിലും പുതിയ പാലങ്ങൾ യാഥാർഥ്യമായതോടെ കഞ്ഞിപ്പാറയിൽ കുണ്ടൂർ പുഴയിൽ പാലം അടഞ്ഞ അധ്യായമായി മാറുകയായിരുന്നു. ആനപ്പന്തിയിൽനിന്ന്‌ അങ്ങാടിക്കടവിലെത്താൻ കേവലം ഒരുകിലോമീറ്ററായി ചുരുങ്ങും ഈ പാലം യാഥാർഥ്യമായാൽ. ഇപ്പോൾ ആനപ്പന്തിയിൽനിന്ന്‌ അങ്ങാടിക്കടവിലേക്ക് രണ്ടരകിലോമീറ്ററോളം വഞ്ഞുവേണം സഞ്ചരിക്കാൻ.

കഞ്ഞിപ്പാറ, ആനപ്പന്തി മേഖലയിലുള്ള നൂറോളം കുടുംബങ്ങൾ മഴക്കാലമായാൽ കുണ്ടൂർ പുഴയിൽ വെള്ളം കയറുന്നതോടെ ഏറെ സാഹസപ്പെട്ടാണ് യാത്രചെയ്യുന്നത്. അങ്ങാടിക്കടവിലാണ് സ്കൂളുകളും പള്ളിയും ടൗണും എല്ലാം സ്ഥിതിചെയ്യുന്നത്.

ഈ പാലം യാഥാർഥ്യമായാൽ ആനപ്പന്തി, കഞ്ഞിപ്പാറ നിവാസികൾക്ക് അങ്ങാടിക്കടവ് ടൗണുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ സാധിക്കും. നേരത്തേ നാട്ടുകാർ പലതവണ ഈ ആവശ്യം ഉന്നയിച്ച്‌ നിവേദനം നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല. സണ്ണി ജോസഫ് മന്ത്രിയായതോടെ നാട്ടുകാർ വീണ്ടും നിവേദനവുമായി മന്ത്രിയെ സമീപിച്ചു. സ്കൂൾ വിദ്യാഭ്യാസക്കാലത്ത് ഇതിലൂടെ യാത്ര ചെയ്തതിന്റെ അനുഭവവും പാലത്തിന്റെ ആവശ്യകതയും ബോധ്യമായ മന്ത്രി നാട്ടുകാർക്ക് രണ്ടുവർഷത്തിനുള്ളിൽ ഇവിടെ പാലം യാഥാർഥ്യമാക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. ഇതിന്റെ ഭാഗമായി പാലം നിർമിക്കാനുള്ള ഇൻവെസ്റ്റിഗേഷൻ പ്രവർത്തിക്ക് 6.65 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. ഉടൻതന്നെ പ്രവൃത്തി ആരംഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് നാട്ടുകാർ.