മുച്ചക്രക്കസേരയിൽ ഇരുന്ന് ഇഷ്ടകവിയെ കണ്ട ആഹ്ലാദത്തിൽ കുഞ്ഞൂട്ടനും കൂട്ടുകാരും

ഇരിട്ടി : ഭിന്നശേഷിക്കാരായ കുഞ്ഞൂട്ടനും സാരംഗും റെജീനയും മുച്ചക്രക്കസേരയിൽ ഇരുന്ന് ആസ്വദിച്ച കവിതയുടെ ശില്പിയെ മുന്നിൽ കണ്ടപ്പോൾ ആഹ്ലാദം അലതല്ലി. കവി മുരുകൻ കാട്ടാക്കടയെ നേരിൽ കണ്ട സന്തോഷത്തിലായിരുന്നു ഇവർ. കുന്നോത്ത് അനിൽ പുനർജനിയുടെ വീടാണ് അപൂർവ സൗഹൃദസംഗമത്തിന് വേദിയായത്. ഒരു മണിക്കൂറോളം മുരുകൻ കാട്ടാക്കടയും ഭാര്യ ലേഖയും ഇവർക്കൊപ്പം ചെലവഴിക്കുകയും സൗഹൃദം പങ്കുവെക്കുകയുംചെയ്തു. ഇരിട്ടി വള്ള്യാട് സ്വദേശി നിതിൻ എന്ന കുഞ്ഞൂട്ടൻ, കോളിക്കടവ് സ്വദേശികളായ സാരംഗ്, റെജീന എന്നിവർ മുരുകൻ കാട്ടാക്കടയുടെ കവിതയുടെ ആരാധകരാണ്. അപകടത്തിൽ പരിക്കേറ്റ് നടക്കാൻ കഴിയാത്ത വള്ളിത്തോട് കുന്നോത്ത്പറമ്പ് സ്വദേശി ബൈജുവും തളിപ്പറമ്പ് തലോറ സ്വദേശി അനീഷും സംഗമത്തിൽ പങ്കെടുത്തു. ഓരോരുത്തർക്കും ഇഷ്ടപ്പെട്ട കവിതകൾ കവിയിൽനിന്ന് നേരിട്ട് കേൾക്കണമെന്നായിരുന്നു ആഗ്രഹം.
കുഞ്ഞൂട്ടന് കേൾക്കേണ്ടിയിരുന്നത് 'കണ്ണട' എന്ന കവിതയും സാരംഗിനും അനീഷിനും 'രേണുക' എന്ന കവിതയുമായിരുന്നു.
റെജീനക്ക് കേൾക്കേണ്ടത് കനൽപ്പൊട്ട് എന്ന കവിതയാണ്. ബൈജുവാകട്ടെ 'രക്തസാക്ഷി' എന്ന കവിത പാടാനാണ് ആവശ്യപ്പെട്ടത്. തന്റെ ആരാധകരെ പൊന്നാടയണിയിച്ചും പുസ്തകങ്ങൾ സമ്മാനിച്ചുമാണ് മുരുകൻ കാട്ടാക്കടയും അനിൽ പുനർജനിയും യാത്രയായത്. നെറ്റിപ്പട്ടവും ആലവട്ടവും നിർമിക്കുന്ന റെജീന, മുരുകൻ കാട്ടാക്കടയുടെ ചിത്രം പതിച്ച പ്രത്യേക സമ്മാനവും നൽകി.