വരുമോ പുത്തൻ പാലങ്ങൾ

ജില്ലാ പഞ്ചായത്ത് പരിശോധന നടത്തി; ശുപാർശ നബാർഡിന് സമർപ്പിക്കും
ഉളിക്കൽ : മലയോര മേഖലയിലെ തകർച്ചയിലായ പാലങ്ങൾ പുതുക്കിപ്പണിയുന്നതിനുള്ള നടപടി തുടങ്ങി.
നബാർഡിന്റെ സഹായത്തോടെ പാലങ്ങൾ നിർമിക്കുന്നതിനുള്ള ശുപാർശ സമർപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്റെ നേതൃത്വത്തിലുള്ള സംഘം വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി.
കുടിയാന്മല, ഇരുത്തുകടവ് - മുയിപ്ര, വണ്ണായിക്കടവ്, തേർമല - വളവക്കരി, മണിക്കടവ് - ചപ്പാത്ത്, അറബി - മോസ്കോ, വിളമന - മൂലോത്തംകുന്ന്, വട്ടിയങ്ങാട് - മണ്ണാപ്പറമ്പ്, പുതിയശ്ശേരി, ആറളം - അമ്പലക്കണ്ടി, ആറളം - വിയറ്റ്നാം എന്നീ സ്ഥലങ്ങളിലാണ് പുതിയ പാലങ്ങളുടെ ശുപാർശ തയ്യാറാക്കുന്നത്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കർമസമിതി ഭാരവാഹികളും നേതൃത്വം നൽകിയ പരിശോധനയുടെ അടിസ്ഥാനത്തിൽ ജില്ലാ പഞ്ചായത്ത് റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന്റെയും നബാർഡിന്റെയും അനുമതിക്ക് സമർപ്പിക്കും.
നാടിന്റെ ദീർഘകാലമായുള്ള യാത്രാ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നതിന് അപകടാവസ്ഥയിലുള്ള പാലങ്ങൾ അടിയന്തരമായി പുനർനിർമിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പരിശോധനയ്ക്ക് നേതൃത്വം കൊടുത്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ പറഞ്ഞു.
പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. പ്രദീപൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബോബി എണ്ണച്ചേരി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബേബി തോലാനി, മോഹനൻ മൂത്തേടത്ത്, സെക്രട്ടറി പ്രസാദ്, എക്സിക്യൂട്ടീവ് എൻജിനീയർ ആർ. ദീപ്തി, അസിസ്റ്റന്റ് എൻജിനീയർ രശ്മി മറോളി, റിട്ടയർഡ് സൂപ്പർവൈസിങ് എൻജിനീയർ സജീവൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.