ചേരൻകുന്ന് സെയ്ന്റ് ജോസഫ് പള്ളിയുടെ കൂദാശ നടത്തി

ശ്രീകണ്ഠപുരം : നിടുവാലൂർ ചേരൻകുന്ന് സെയ്ന്റ് ജോസഫ് ദേവാലയത്തിന്റെ കൂദാശ നടത്തി. തലശ്ശേരി അതിരൂപതാ ആർച്ച്‌ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചു. വൈദികമന്ദിരത്തിന്റെ വെഞ്ചരിപ്പും നടത്തി. അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, ചെമ്പന്തൊട്ടി ഫൊറോന വികാരി ഫാ. ആന്റണി മഞ്ഞളാങ്കുന്നേൽ എന്നിവർ സഹകാർമികരായി. നിലവിലെ ദേവാലയത്തിനു തൊട്ടടുത്താണ് പുതുതായി പള്ളി പണിതത്.

ഞായറാഴ്ച വൈകീട്ട് 4.15-ന് പുതിയ പള്ളിയിലെ തിരുനാളിന് വികാരി ഫാ. റിനോയ് പോൾ ഇടത്തിനകത്ത് കൊടിയേറ്റും. തുടർന്ന് ആഘോഷമായ കുർബാന, നൊവേന എന്നിവയുണ്ടാകും. ആർച്ച് ബിഷപ്പ് ഇമേരിറ്റസ് മാർ ജോർജ് വലിയമറ്റം കാർമികത്വം വഹിക്കും. ഒൻപത് മുതൽ 13 വരെ ദിവസവും കുർബാന, നൊവേന എന്നിവ നടക്കും. ഫാ. കുര്യാക്കോസ് കളരിക്കൽ, ഫാ. വിപിൻ വെമ്മേനികട്ടയിൽ, ഫാ. പ്രിയേഷ് കളരിമുറിയിൽ, ഫാ. ജിനോ പെരിഞ്ചേരി, ഫാ. ജിനോ പൊങ്ങൻപാറ, ഫാ. ജോൺ പയ്യമ്പള്ളി, ഫാ. ജോസഫ് മുട്ടത്തുകുന്നേൽ, മോൺ ആന്റണി മുതുകുന്നേൽ എന്നിവർ കാർമികത്വം വഹിക്കും. 14-ന് 4.30-ന് ആഘോഷമായ സമൂഹബലി, നിടുവാലൂർ ടൗണിലേക്ക് തിരുനാൾ പ്രദക്ഷിണം, സമാധാന ആശീർവാദം, വാദ്യമേളങ്ങൾ, ലൈറ്റ് ആൻഡ് സൗണ്ട് ഫയർ ഷോ എന്നിവ നടക്കും. 15-ന് സമാപന ദിവസം രാവിലെ 9.30-ന് നടക്കുന്ന കുർബാനയ്ക്ക് ആർച്ച് ബിഷപ് എമേരിറ്റസ് മാർ ജോർജ് ഞരളക്കാട്ട് കാർമികത്വം വഹിക്കും. വൈകീട്ട് ഏഴിന് ഗാനമേള.