മെഡിക്കൽ കോളേജാണ്: ബസ് ഉണ്ട്, ബസ് സ്റ്റോപ്പില്ല; കോളേജുണ്ട്, സൗകര്യമില്ല; OP-യുണ്ട്, ഡോക്ടർമാർ കുറവ്

കാസർകോട് മെഡിക്കൽ കോളേജ് (നിർമ്മാണം പൂർത്തിയാകാത്ത കെട്ടിടം തൊട്ടടുത്ത്) | ഫോട്ടോ: സാബി മുഗു
കാസർകോട് മെഡിക്കൽ കോളേജ് (നിർമ്മാണം പൂർത്തിയാകാത്ത കെട്ടിടം തൊട്ടടുത്ത്) | ഫോട്ടോ: സാബി മുഗു

കുമ്പള വഴി വരികയാണെങ്കില്‍ ബദിയടുക്കയില്‍നിന്ന് ഏഴു കിലോ മീറ്ററിലേറെയുണ്ട് ഉക്കിനടുക്കയിലേക്ക്. പുത്തൂറിലേക്ക് പോകുന്ന കര്‍ണാടക കെ.എസ്.ആര്‍.ടി.സിയോ അല്ലെങ്കില്‍ കേരള ആര്‍.ടി.സിയോ പിന്നെ മണിക്കൂറൊന്നോ രണ്ടോ ഇടവിട്ടുള്ള പ്രൈവറ്റ് ബസോ കേറി വേണം ഉക്കിനടുക്കയിലെത്താന്‍. രാവിലെത്തന്നെ ആശുപത്രിയിലേക്ക് പുറപ്പെട്ടതാണ്. ബൈക്കിലായിരുന്നു യാത്ര എന്നതിനാല്‍ ബസിനെ അധികം ആശ്രയിച്ചില്ല. എന്നാല്‍, ബസിന്റെ സമയക്രമവും ഏതൊക്കെ ബസുകളാണ് പോകുന്നതെന്നും മണിക്കൂറുകളോളം കാത്തിരുന്ന് മനസ്സിലാക്കിവെച്ചു. കാസര്‍കോട് മെഡിക്കല്‍ കോളേജ് എന്ന അത്യധികം മനോഹരമായ വലിയ ബോര്‍ഡുകളോ ആള്‍ക്കൂട്ടങ്ങളോ കടകളോ എന്തിന് ഒരു ബസ്‌സ്റ്റോപ്പ് പോലുമില്ലാത്തിടത്താണ് യാത്ര ചെന്നവസാനിച്ചത്. ഇടതുവശത്തേക്കുള്ള വീതികൂടിയ റോഡിന്റെ ഓരത്തായി പച്ച ബോര്‍ഡില്‍ മെഡിക്കല്‍ കോളേജിന്റെ ഒരു ബോര്‍ഡ് തൂങ്ങിക്കിടപ്പുണ്ട്. അതുവഴി നേരെ പോയി. ഏറെ സഞ്ചരിക്കേണ്ടി വന്നില്ല, ആള്‍പാര്‍പ്പില്ലെന്ന് തോന്നിപ്പിക്കുന്ന വഴിയുടെ ഓരത്തായി കൂറ്റന്‍ കെട്ടിടങ്ങള്‍ കണ്ടപ്പോള്‍ തന്നെ മനസ്സിലായി, കൊട്ടിഘോഷിക്കപ്പെട്ട കേരള നമ്പര്‍ വണ്‍ ആരോഗ്യമേഖലയിലെ, കാസര്‍കോടിന്റെ ആരോഗ്യസ്ഥിതി.

ആരെയോ കാത്ത് അക്ഷമരായിരിക്കുന്ന തേച്ച് മിനുക്കിയൊതുക്കി അങ്ങിങ്ങായി കല്ലിളകിത്തുടങ്ങിയ കൂറ്റന്‍ കെട്ടിടത്തിന്റെ തൊട്ടപ്പുറത്ത് പണികഴിപ്പിച്ച അത്യാവശ്യം സൗകര്യമുള്ള, എന്നാല്‍, മെഡിക്കല്‍ കോളേജ് എന്ന് പറയത്തക്ക സൗകര്യമൊന്നുമില്ലാത്ത ഒരു കെട്ടിടം. രോഗികള്‍ക്കായുള്ള പാര്‍ക്കിങ് ഏരിയയില്‍ കഷ്ടിച്ച് അഞ്ച് കാര്‍, അതില്‍ കൂടില്ല, ഒരു ഓട്ടോ പിന്നെ ഞാന്‍ കൊണ്ടുവെച്ച ഒരു ബൈക്ക്. ആകെ ആറ് വാഹനങ്ങള്‍. മെഡിക്കല്‍ കോളേജ് തന്നെ ആണോ എന്ന് ഒന്നുകൂടി ഉറപ്പുവരുത്താന്‍ വേണ്ടി ആശുപത്രിയില്‍നിന്ന് ഇറങ്ങി വരുന്ന ആളോട് ചോദിച്ചു:
:'ഡോക്ടറുണ്ടോ?'
:'ഉണ്ട്.' മറുപടി കേട്ടപ്പോള്‍ ആശ്വാസമായി, തെറ്റിയില്ല. എത്തിയിരിക്കുന്നത് കൃത്യസ്ഥലത്ത് തന്നെ.
:'എന്താ പറ്റിയെ?'
:'ഓന് ഒന്ന് വീണതാ, ഗോള്‍ സേവ് ആക്കാന്‍ നോക്കീതാ.' കഴുത്തില്‍ കൂടി കൈ കെട്ടിയിട്ടിരിക്കുന്ന കുട്ടിയെ കാണിച്ച് അയാള്‍ പറഞ്ഞു.
:'ഡോക്ടര്‍ എന്തു പറഞ്ഞു?'
:'മരുന്നൊക്കെ കുറിച്ച് തന്നു. കുറച്ച് റെസ്റ്റെടുക്കാനും പറഞ്ഞു.'
:'തിരക്കുണ്ടോ.' ഞാന്‍ വീണ്ടും ചോദിച്ചു.
:'ഏയ്, അധികമാരും ഇല്ല വേഗം കിട്ടും.' ഞാന്‍ ചിരിച്ചു, അയാളും. അവര്‍ നടന്നു നീങ്ങി. പാര്‍ക്ക് ചെയ്ത കാറില്‍ ഒന്നില്‍ കേറി അവര്‍ പോയി.

Content Highlights: Inadequate healthcare facilities in kasaragod district series

Continue reading