ഡ്രഗ് മാഫിയക്കെന്തിനാണ് അവൊക്കാഡോ പഴം? മെക്സിക്കോയിലെ ‘പച്ചപ്പൊന്നി’നു വേണ്ടിയുള്ള യുദ്ധം

അഗ്നിപർവതങ്ങൾ ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന ട്രാൻസ്-മെക്സിക്കൻ വോൾക്കാനിക് ബെൽറ്റിന്റെ ഹൃദയഭാഗം. അവിടെ തീമലകൾ തുപ്പുന്ന ചാരമേറ്റ് ഫലഭൂയിഷ്ഠമായ പർവതമണ്ണിൽ നീണ്ടുപരന്നു കിടക്കുകയാണ് അവൊക്കാഡോ തോട്ടങ്ങൾ. പക്ഷേ, ഓട്ടോമാറ്റിക് തോക്കുകൾ പിടിച്ച സായുധസേനയുടെ കാവലിലാണെന്നുമാത്രം. അവൊക്കാഡോയുടെ ജന്മദേശമായ മെക്സിക്കോയിലെ മിച്വോകാൻ സംസ്ഥാനമാണിത്. വിലപിടിപ്പുള്ള പഴങ്ങൾ കൊള്ളയടിക്കാൻ ലഹരിമരുന്നു സംഘങ്ങൾ തക്കംപാർത്തിരിക്കുന്നയിടം. ഒരു പഴം ഒരു ദേശത്തെ ഏറ്റുമുട്ടലിലേക്കെത്തിച്ച കഥയിലൂടെ....
മെക്സിക്കോക്കാർക്ക് ‘പച്ചപ്പൊന്നാ’ണ് വെണ്ണപ്പഴം. രാജ്യത്തെ സമൃദ്ധമാക്കിയ അമൂല്യവിള. മെക്സിക്കോയുടെ സമ്പദ് വ്യവസ്ഥയിലേക്ക് ശതകോടിയുടെ ലാഭമൊഴുക്കുന്ന, പോഷകഗുണവും ആരോഗ്യഗുണങ്ങളുമേറെയുള്ള പഴം. പോഷകഗുണം കേമമെന്ന് മനസ്സിലാക്കി അമേരിക്കക്കാർ നെഞ്ചേറ്റിയതാണ് ഈ പഴത്തിന്റെ ജാതകം മാറ്റിയത്. അമേരിക്കക്കാർക്കു കഴിക്കാൻ വേണ്ട അവൊക്കാഡോയുടെ 80 ശതമാനത്തിലേറെ കയറ്റുമതി ചെയ്യുന്ന മെക്സിക്കോയിൽ പക്ഷേ, കാര്യങ്ങളത്ര സമാധാനപരമല്ല. യു.എസിലേക്ക് ലഹരിമരുന്നൊഴുക്കിയ എൽ ചാപോ അടക്കമുള്ള ഡ്രഗ് കാർട്ടൽ തലവന്മാരുടെ തട്ടകമായ ഇവിടെ ചെറുസംഘങ്ങളായി ഇന്നും ധാരാളം മാഫിയാസംഘങ്ങളുണ്ട്. അവരിൽ നിന്ന് വിളകൾ സംരക്ഷിക്കാൻ നന്നേ പാടുപെടുകയാണ് കർഷകർ.
Content Highlights: Mexican avocado haulers face dangers mexican green gold butter fruit