തീരാത്ത കടൽക്കൊതിയും വിളിച്ചുകൊണ്ടേയിരിക്കുന്ന കടൽത്തീര കൗതുകങ്ങളും

സന്ധ്യാരാഗം
#ഡോ.ബി.സന്ധ്യ
പ്രതീകാത്മക ചിത്രം | AI Generated Image
പ്രതീകാത്മക ചിത്രം | AI Generated Image

ലപ്പുഴയിലെ കുട്ടിക്കാലത്ത്, അച്ഛനമ്മമാരോടൊപ്പം കൊച്ചു സന്ധ്യ, കടപ്പുറത്തേയ്ക്ക് പോകുക നടന്നാണ്. മിക്കവാറും ഞായറാഴ്ച. ഉച്ചയ്ക്ക് ഊണിനു മുന്‍പായി അച്ഛന്‍ പറയും. നമുക്കിന്ന് വൈകീട്ട് കടപ്പുറത്തുപോകാം. നാലുമണി കഴിയുമ്പോള്‍ അവര്‍ വീട് പൂട്ടി ഇറങ്ങും. പലപ്പോഴും അടുത്ത വീട്ടിലെ കുട്ടികളും അവരുടെ അച്ഛനമ്മമാരുടെ അനുവാദത്തോടെ കൂടെ വരും.

കൂട്ടുകാര്‍ കൂടെ ഉണ്ടെങ്കില്‍ സന്ധ്യയുടെ സന്തോഷം ഇരട്ടിയാണ്. വീട്ടില്‍ നിന്ന് അല്പം നടന്നാല്‍ സെയ്ന്റ് ആന്റണീസ് സ്‌കൂള്‍. അതിനു മുന്‍പിലുള്ള പ്രധാന റോഡിലൂടെ പടിഞ്ഞാറേയ്ക്ക് ഏതാണ്ട് ഒരു കിലോമീറ്റര്‍ നടന്നാല്‍ കടപ്പുറത്തെത്തും. ചാഞ്ഞുവരുന്ന പടിഞ്ഞാറന്‍ വെയില്‍ മുഖത്തേയ്ക്കടിക്കും. അങ്ങ് ദൂരെ കടപ്പുറത്തെ മണല്‍പ്പരപ്പ് പ്രത്യക്ഷപ്പെടുമ്പോഴേക്കും സന്ധ്യയ്ക്ക് വലിയ ഉത്സാഹമാണ്. പഞ്ചാരമണല്‍ത്തരികളില്‍ ചവിട്ടി ഓടാനായി അച്ഛനുമമ്മയും ഇരിക്കുന്നതിന്റെ അടുത്തു ചെരുപ്പഴിച്ച് വയ്ക്കും. എന്നിട്ടു മായക്കയും സതീശനും ലതയുമൊക്കെച്ചേര്‍ന്ന് ഓടിത്തിമര്‍ക്കും. കടപ്പുറത്ത് മണലില്‍ കൊട്ടാരവും കോട്ടയും പണിയും. ''കടലമ്മ കള്ളി' എന്നെഴുതുന്നത് കടല്‍ മായ്ക്കുന്നതുനോക്കി രസിക്കും. കടപ്പുറത്ത് ശംഖും കക്കയും സ്ലേറ്റ് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന കടല്‍ നാക്കും തേടിപ്പെറുക്കും. പിറ്റേന്നു ക്ലാസ്സില്‍ എന്തൊരു ഗമയാണെന്നോ ഒരു കടല്‍ നാക്കു കൈവശമുണ്ടെങ്കില്‍!

Content Highlights: Childhood Memories, Sandhyaragam column by B.Sandhya

Continue reading