ഇരുട്ടിൽ വളർന്ന ഇയോൻമിയും വെളിച്ചത്തിൽ വിരിഞ്ഞ ഞാനും | സന്ധ്യാരാഗം

നഴ്‌സറിയില്‍ ചേരുന്നതിനു മുന്‍പ് ഒരു കുഞ്ഞ് വളര്‍ന്ന് ബാലികയാകുമ്പോഴേയ്ക്ക് അവളുടെ ഓര്‍മ ഉറയ്ക്കുമെന്നാണു പറയുക. എന്റെ ഏറ്റവും പഴയ ഓര്‍മകള്‍ എന്തൊക്കെയാണ്? വെറുതെയിരിക്കുമ്പോള്‍ വെറുതെ പിറകിലേക്ക് നടക്കാന്‍ എനിക്കിഷ്ടമാണ്. മൂന്നുവയസ്സിലാണ് എന്നെ നഴ്സറിയിൽ ചേര്‍ക്കുന്നത്. ആലപ്പുഴ സെന്റ് ആന്റണീസ് സ്‌കൂളിനോടു ചേര്‍ന്നുള്ള നഴ്‌സറി. പെണ്‍കുട്ടികളുടെ ഹോസ്റ്റലും നഴ്‌സറിയും ഒരേ കോമ്പൗണ്ടിലാണ്. റോഡിന്റെ മറുപുറത്താണ് സ്‌കൂള്‍. നഴ്‌സറിയോടു ചേര്‍ന്നുള്ള അപ്പച്ചിയുടേയും ക്യാപ്റ്റനപ്പൂപ്പന്റേയും വീട്ടിലേക്ക് പലപ്പോഴും അച്ഛനുമമ്മയും എന്നെ കൊണ്ടുപോകും. ആ വീട് എനിക്ക് സ്വന്തം വീടിന്റെ ഒരു ഭാഗം പോലെയാണ്. ഒരു ദിവസം അമ്മയും എനിക്കേറ്റവും പ്രിയപ്പെട്ട ലീലാഡിയും (അപ്പച്ചിയുടെ മകള്‍ ലീലമ്മച്ചേച്ചിയെ ഞാനങ്ങനെയാണു വിളിച്ചിരുന്നത്. ചേച്ചി എന്നൊക്കെപ്പറയാന്‍ നാവു വഴങ്ങാറാകാത്ത പ്രായത്തില്‍ പഠിച്ചത് പിന്നെയും പാടി!) ഒപ്പം നഴ്‌സറി സ്‌കൂള്‍ കെട്ടിടം കാണാവുന്ന ഒരു ജനലരികില്‍ അഴിയും പിടിച്ച് ഞാനൊരു കട്ടിലില്‍ ഇരിക്കുകയാണ്. അമ്മയും ലീലാഡിയും കൂടി സംസാരിക്കുകയാണ്. ഇത്തവണ സ്‌കൂള്‍ തുറക്കുമ്പോള്‍ ഇവളെ നഴ്‌സറിയില്‍ ചേര്‍ക്കാം എന്നാണു സംസാരം. വിഷയം ഞാനായതുകൊണ്ട് പെട്ടെന്നു എന്റെ ശ്രദ്ധ അങ്ങോട്ടായി.
അമ്മയുടെ സാരിത്തുമ്പില്‍ പിടിച്ചുവലിച്ചു ഞാന്‍ ചോദിച്ചു. 'അമ്മേ എന്നെയാണോ നഴ്‌സറിയില്‍ ചേര്‍ക്കുക?' 'അതേ മോളേ, നന്നായി പഠിക്കണം. ചുമ്മാ അറ്റപ്പറ്റെ മാര്‍ക്കൊന്നും വാങ്ങിയല്ല നൂറില്‍ നൂറു മാര്‍ക്കുവാങ്ങി ജയിക്കണം'. എനിക്ക് വലിയ ഉത്സാഹമായി. നഴ്‌സറി ടീച്ചര്‍ (കന്യാസ്ത്രീയാണ്) മതിലരികില്‍ വന്ന് അമ്മയോടും ലീലാഡിയോടും കുശലം ചോദിക്കാറുണ്ട്. എന്നെ കൊഞ്ചിച്ചു കവിളില്‍ തോണ്ടി എന്തെങ്കിലുമൊക്കെ പറയും. എനിയ്ക്കവരെ ഇഷ്ടമാണ്. ആ ടീച്ചര്‍ പഠിപ്പിക്കുന്നിടത്തേയ്ക്കാണെന്നെ അയയ്ക്കുക.
Content Highlights: Sandhyaragam column by B.Sandhya