ഇരുട്ട്, പ്രതിധ്വനി, കാടുകള്‍ | സന്ധ്യാരാഗം 05 | ബി. സന്ധ്യ

പാലാ ബസ്സ്റ്റാന്റിലെത്തുമ്പോള്‍ മാണി മാപ്പിളയപ്പൂപ്പന്‍ ചോദിച്ചു 'രാജന്‍ സാറു തെള്ളിയാമറ്റത്തിനായിരിയ്ക്കുമല്ലോ'. അച്ഛന്‍ മറുപടി പറഞ്ഞു 'അതെ'. ദാ കിഴക്കു വശത്തു മങ്കൊമ്പു ബസ്സു റെഡിയാ. മാണി മാപ്പിളയപ്പൂപ്പന്‍ അവരെ ബസ്സിനടുത്തേക്കു നയിച്ചു. റോഡ് ലൈന്‍സ് ബസ്സില്‍ കൊച്ചു സന്ധ്യയേയും കൊണ്ട് അച്ഛനുമമ്മയും കയറുമ്പോള്‍ നല്ല തിരക്ക്. ഡ്രൈവര്‍ ഇരിയ്ക്കുന്നതിനു നേരെ എതിര്‍വശത്ത് ഒരു പെട്ടിയില്‍ പച്ച റെക്‌സിന്‍ സീറ്റ് പിടിപ്പിച്ചിട്ടുണ്ട്. അവിടേയ്ക്കു കൈചൂണ്ടി കണ്ടക്ടര്‍ ഉത്തരവിട്ടു. ആ കുട്ടിയേയും കൊണ്ട് അമ്മ അവിടെയിരിയ്ക്കൂ. അമ്മ അവിടെ ഇരുന്നു. മോള്‍ മടിയിലും. നരച്ച മുടിയും പ്രസന്ന മുഖവുമുള്ള ഡ്രൈവര്‍ മോളെ നോക്കിച്ചിരിച്ചു. മോളും ചിരിച്ചു. ഡ്രൈവര്‍ കുശലം ചോദിച്ചു. 'മോളെങ്ങോട്ടാ?' 'മോള് അപ്പൂപ്പന്റേം അമ്മൂേമ്മടേം അടുത്ത് പോവാ'.ഡ്രൈവര്‍ അമ്മയോട് 'പരമേശ്വരന്‍ പിള്ളേച്ചന്റെ മോളല്ലേ?'
അമ്മ: 'അതെ'.
ഡ്രൈവര്‍ പാലാ ബസ്സ്റ്റാന്‍ഡില്‍ വണ്ടി സ്റ്റാര്‍ട്ടാക്കി. മാണിമാപ്പിളയപ്പൂപ്പന്‍ ഉറക്കെ വിളിച്ചു പറഞ്ഞു 'മങ്കൊമ്പു, മങ്കൊമ്പു, മങ്കൊമ്പ്, പനയ്ക്കപ്പാലം, പ്ലാശനാല്‍ കളത്തുക്കടവു, മൂന്നിലവു, മങ്കൊമ്പു' (ബസ്സ്റ്റാന്‍ഡില്‍ വിളിച്ചു ചൊല്ലി ആളെ ബസ്സുകളിലേയ്ക്ക് ആകര്‍ഷിക്കുന്ന പണിയാണദ്ദേഹത്തിന്. പാലായിലെ വീടിന്റെ അയല്‍വാസിയും). ബസ് ഒന്നനങ്ങി സ്പീഡു പിടിച്ച് അല്പം കഴിഞ്ഞപ്പോഴേക്കും കൊച്ചു സന്ധ്യയുടെ അടുത്തിരുന്ന ചട്ടയും മുണ്ടും ധരിച്ച് കാതില്‍ വലിയ തോടയിട്ടാട്ടി, തോളില്‍ കാവി നിറമുള്ള കവിണി ശരിയാക്കിക്കൊണ്ടിരുന്ന സ്ത്രീ വിളിച്ചു പറഞ്ഞു, ആളിറങ്ങണം. കണ്ടക്ടര്‍ അതു കേട്ടു ബെല്ലടിച്ചു. 'ക്ണീം ക്ണീം. . . ' ഒരു ചരടിന്റെ അറ്റത്താണാ ബെല്ല്. ബസ്സിലെവിടെ നിന്നും ആ ചരടില്‍ പിടിച്ചു കണ്ടക്ടര്‍ക്കു ബെല്ലടിക്കാം. ഒപ്പം ഉറക്കെ വിളിച്ചു പറഞ്ഞു, 'മൂന്നാനി ഇറങ്ങാനുള്ളവരൊക്കെ ഇറങ്ങിക്കോണം'. തന്റെ കാലന്‍ കുടയും കുത്തി ചേടത്തി തന്റെ തോടയാട്ടി, മുറുക്കാന്‍ നിറഞ്ഞ വായ മുറുക്കിപ്പൂട്ടി തലയാട്ടി മോളോടു യാത്ര പറഞ്ഞ് ഇറങ്ങാനുള്ള തത്രപ്പാടിലേയ്ക്കു പ്രവേശിച്ചു. കൊച്ചു സന്ധ്യയ്ക്കു ചേടത്തിയുടെ തോടയാട്ടം നോക്കിയിരിയ്ക്കാനുള്ള അവസരം നഷ്ടപ്പെട്ടതില്‍ അല്പം നിരാശ പക്ഷേ പുതിയ കൗതുകങ്ങളിലേയ്ക്കു പെട്ടെന്നു ശ്രദ്ധ തിരിഞ്ഞു. ഡ്രൈവര്‍ ഇരിയ്ക്കുന്ന സീറ്റിന് അടുത്തായി നടുവില്‍ ഒരു ഉയര്‍ന്ന പെട്ടിപോലുള്ള ഭാഗമുണ്ട്. പിന്നെ ബസിന്റെ ഗിയര്‍. അതില്‍ പിടിച്ച് ഡ്രൈവര്‍ ആയാസപ്പെടുമ്പോഴാണ് സ്പീഡു കൂടുന്നതും കുറയുന്നതും. കാണാന്‍ നല്ല കൗതുകം. ബോട്ടിലെ യാത്ര പോലെ അല്ല, ബസ്സു യാത്ര വളരെ രസകരമായി കൊച്ചു സന്ധ്യയ്ക്കു തോന്നി.
Content Highlights: Sandhyaragam, B.Sandhya