ഞാൻ ഓർത്തു; എത്ര അര്‍ത്ഥവത്തായ പേര്! ജീവന്റെ വൃക്ഷം! | സന്ധ്യാരാഗം

സന്ധ്യാരാഗം
#ബി സന്ധ്യ
ബി സന്ധ്യ
ബി സന്ധ്യ

കിഴക്കേ മലയില്‍ തട്ടി പ്രതിധ്വനിക്കുന്ന ഏതോ പക്ഷിയുടെ മനോഹര കൂജനം കേട്ടാണ് കൊച്ചു സന്ധ്യ രാവിലെ ഉണര്‍ന്നത്. നേരം മുഴുവന്‍ വെളുത്തിട്ടില്ല. പായയില്‍ ചിറ്റയെ കാണാഞ്ഞ് മോള്‍ തുറന്നു കിടന്ന വാതിലിലൂടെ വരാന്തയിലേക്കിറങ്ങി. ചിറ്റ മുറ്റം തൂക്കുന്നു. പാവാടയുടെ തുമ്പെടുത്തു കുത്തി ഒരു തോര്‍ത്ത് തലയില്‍ കെട്ടിയാണ് ചിറ്റയുടെ നില്‍പ്. 
'ചിറ്റേ, എന്തിനാ തലേക്കെട്ട്'
'അതു മഞ്ഞു കൊള്ളാതിരിക്കാനാണ് മോളെ' 
മുറ്റം തൂത്തു കഴിഞ്ഞ ചിറ്റ പറഞ്ഞു. 
'നമുക്ക് കുളിക്കാന്‍ തോട്ടില്‍ പോകാം' 
സന്തോഷം കൊണ്ട് മോളുതുള്ളിച്ചാടിപ്പോയി. 
'വാ വാ തലയിലും മേത്തും എണ്ണ തേപ്പിക്കാം' 
അടുക്കളയില്‍ ചെന്നു ചിറ്റ വെളിച്ചെണ്ണ കുപ്പി എടുത്തു. അതുറഞ്ഞ് ഒരു വെള്ളക്കട്ടയായിരിക്കുന്നു. മോള് അത്ഭുതപ്പെട്ടുപോയി. ചിറ്റ പറഞ്ഞു. 
'മോളെ ഇവിടെ തണുപ്പല്ലേ, വെളിച്ചെണ്ണ ഉറയും'.
'അതെന്താ ആലപ്പുഴയില്‍ വെളിച്ചെണ്ണ ഉറയാത്തേ ചിറ്റേ' 
'അവിടെ ഇത്രയും തണുപ്പില്ല മോളേ, ചിറ്റ മോളെ നല്ല പുതപ്പൊക്കെ പുതപ്പിച്ചു കിടത്തിയതു കൊണ്ടല്ലേ, അല്ലെങ്കില്‍ മോളു വിറച്ചേനെ' അടുക്കളയിലെ വിറകടുപ്പിനു മുകളില്‍ കാണിച്ചു വെളിച്ചെണ്ണക്കുപ്പി ചൂടാക്കിക്കൊണ്ട് ചിറ്റ പറഞ്ഞു. ഉരുകിയ വെളിച്ചെണ്ണ മോളുടെ തലയില്‍ തേച്ചു. മേത്ത് എണ്ണ തേയ്ക്കാനായി ഉടുപ്പൂരി എണ്ണ മേത്തും തേച്ചുപിടിപ്പിച്ചു. മുറ്റത്തേക്കിറങ്ങുമ്പോള്‍ തണുത്തിട്ട് മോളുടെ താടി കൂട്ടിയിടിച്ചു. ചിറ്റ ചിരിച്ചു. 'നമുക്ക് തീ കായാം' എന്ന് പറഞ്ഞ് മുറ്റത്ത് അടിച്ചു കൂട്ടിയിരുന്ന കരിയിലയ്ക്ക് ചിറ്റ അടുപ്പില്‍ കാണിച്ചു കത്തിച്ച ചൂട്ടുകൊണ്ട് തീ കൊളുത്തി. ആഹാ കൈ നീട്ടി മോളു തീ കാഞ്ഞു. അമ്മൂമ്മ അടുക്കളയില്‍ നിന്നിറങ്ങി വന്നു പറഞ്ഞു. 'മോളേ തീ കായുമ്പോ തീയുടെ ഒരുപാടടുത്തു നില്‍ക്കണ്ട, കുറച്ചു മാറിനിന്നോ'.

കുറച്ചുനേരം തീ കായുമ്പോഴേക്കും അടുത്ത വീട്ടിലെ മോളുടെ കൂട്ടുകാരി മിനിയും വന്നു, ചിറ്റയോടൊപ്പം തോട്ടില്‍ പോകാന്‍ കാപ്പിത്തോട്ടവും കയ്യാലയും കടന്ന് പുല്ലു നിറഞ്ഞ പറമ്പിനോടു ചേര്‍ന്നൊഴുകുന്ന തോട്ടിലേക്കിറങ്ങി. വെള്ളത്തിനെന്തൊരു തണുപ്പ്! 'എനിക്ക് തണുക്കുന്നു, വെള്ളത്തിലിറങ്ങാ ചിറ്റേ'. അപ്പോഴേക്കും മിനി വന്ന് ഒറ്റ ഉന്ത്! മോള് തോട്ടില്‍. കൈകാലിട്ടടിക്കുമ്പോഴേയ്ക്കും തണുപ്പ് പോയി. ആഹാ നല്ല രസം! ചിറ്റ തുണി നനച്ചു കൊണ്ടിരിക്കേ കൊച്ചു സന്ധ്യയും കൊച്ചു മിനിയും തോട്ടില്‍ കളിച്ചു കളിച്ച് ഇത്തിരി ആഴമുള്ള ഭാഗത്തേക്കായി. അയ്യോ മിനി കണ്ണു മിഴിച്ച് കൈകാലിട്ടടിയ്ക്കുന്നു. മോള്‍ ഉറക്കെ വിളിച്ചു. 'ചിറ്റേ, ചിറ്റേ' ചിറ്റ വേഗം അമ്മയുടെ സാരി കഴുകിക്കൊണ്ടിരുന്നതെടുത്ത് നീട്ടി കയത്തിലേയ്ക്കിട്ടു കൊടുത്തു. മിനി അതില്‍ പിടിച്ചു. ചിറ്റ സാരി വലിച്ചടുപ്പിച്ചു. മിനി മോളെ എടുത്തു കല്ലില്‍ കിടത്തി വയറില്‍ ഞെക്കി. വെള്ളമൊക്കെ വെളിയില്‍ പോയി. പിന്നെ രണ്ടു പേരെയും മേലു തേപ്പിച്ചു മുക്കിക്കയറ്റി വേഗം തോര്‍ത്തി. 'ഇനി കുളിയ്ക്കാന്‍ കൊണ്ടുവന്നാല്‍ ചിറ്റയുടെ കാലില്‍ പിടിയ്ക്കാവുന്ന ദൂരത്തിലേ നില്ക്കാവൂ, ചിറ്റ തുണി നനച്ചു കഴിയുന്നതുവരെ' എന്ന ചിറ്റയുടെ കര്‍ശന നിര്‍ദേശം രണ്ടുപേരും തലയാട്ടി സമ്മതിച്ചു. ഒരാളുടെ ജീവന്‍ അപകടത്തിലാവുന്നതു മോള്‍ ആദ്യം കാണുകയാണ്. തോട്ടില്‍ നിന്ന് കയറി നടക്കുമ്പോള്‍ മോള്‍ ചോദ്യം തുടങ്ങി. 'ചിറ്റേ വെള്ളത്തില്‍ പോയാലെന്താ ശ്വാസം മുട്ടുന്നേ, ശ്വാസം മുട്ടിയാലെന്താ മരിച്ചു പോവുന്നേ, സാരി എറിഞ്ഞില്ലെങ്കില്‍ മിനി മരിച്ചുപോകുമായിരുന്നോ' മോളുടെ ചോദ്യങ്ങള്‍ക്ക് ചിറ്റ ക്ഷമയോടെ മറുപടി പറഞ്ഞുകൊണ്ടിരുന്നു. ജീവന്‍ ആണ് മോളേ, ലോകത്തേറ്റവും വലുത്. അതപകടത്തിലാകാതെ നോക്കണം. ജീവന്‍ രക്ഷിക്കാന്‍ വേണ്ടതൊക്കെ പഠിക്കണം, ചെയ്യണം. മോളുടെ കുഞ്ഞു മനസ്സില്‍ ഒരു കാര്യം പതിഞ്ഞു. ജീവനാണ് ഏറ്റവും വലുത്. ജീവന്‍ രക്ഷിക്കാന്‍ പഠിക്കണം. !

Content Highlights: childhood memories of by b sandhya sandhyaragam column

Continue reading