കാമ്പസിൽ അച്ചടക്കം കൂപ്പുകുത്തിയതിന് കൊടുക്കേണ്ടിവരുന്ന വിലയുടെ പ്രതീകമാണ് ആ മരണം | സന്ധ്യാരാഗം

സന്ധ്യാരാഗം
#ബി സന്ധ്യ
ബി സന്ധ്യ മദർ തെരേസ യൂണിവേഴ്​സിറ്റിയിലെ ചടങ്ങിൽ
ബി സന്ധ്യ മദർ തെരേസ യൂണിവേഴ്​സിറ്റിയിലെ ചടങ്ങിൽ

പ്രൈമറി സ്‌കൂളില്‍ (ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ്) പഠിക്കുന്ന എന്റെ മോള്‍ തുള്ളിച്ചാടി നിറയെ 'എ' ഗ്രേഡ് മാത്രമുള്ള ഉത്തരക്കടലാസുമായി എന്റെയടുത്തെത്തി. 'അമ്മേ എല്ലാത്തിനും 'എ'യുണ്ട്. ഞാന്‍ പേപ്പര്‍ വാങ്ങി നോക്കി. ഇന്ത്യയുടെ മാപ്പില്‍ കല്‍ക്കട്ട തെറ്റായി അടയാളപ്പെടുത്തിയിരിക്കുന്നു. അതുവെട്ടി ടീച്ചര്‍ തന്നെ ശരിയായ സ്ഥലത്ത് അടയാളപ്പെടുത്തിയിരിക്കുന്നു. എങ്കിലും ആ ഉത്തരത്തിനു നേരെയും 'എ'! ഇതു കണ്ടു ഞാന്‍ പറഞ്ഞു. 'മോളെ മാപ്പില്‍ കൃത്യമായ എല്ലാ സ്ഥലങ്ങളും അടയാളപ്പെടുത്താന്‍ ഞാന്‍ പഠിപ്പിക്കാം, മോളിവിടെ വന്നിരിക്കൂ' ഉത്തരപേപ്പര്‍ ഏല്‍പിച്ച് ഒപ്പുവാങ്ങി എത്രയും പെട്ടെന്ന് കൂട്ടുകാരോടൊപ്പം കളിക്കാന്‍ പുറത്തുപോകാന്‍ വെമ്പി നില്‍ക്കുന്ന മോള്‍ പറഞ്ഞു. 'എല്ലാത്തിനും 'എ' ഉണ്ടായിട്ടും അമ്മ എന്തിനാ എന്നെയിങ്ങനെ പഠിപ്പിക്കുന്നേ, ഞാന്‍ കളിക്കാന്‍ പോകട്ടെയമ്മേ'. കളിക്കാന്‍ വെമ്പി നില്‍ക്കുന്ന അവളോട് വേദമോതിയിട്ട് കാര്യമില്ലെന്നെനിക്ക് മനസ്സിലായി. ടീച്ചറാണല്ലോ കുഞ്ഞുങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ടയാള്‍. ആ ടീച്ചര്‍ 'എ' കൊടുത്തു കഴിഞ്ഞാല്‍ പിന്നെ അമ്മയ്ക്ക് കുട്ടിയോട് പഠിക്കാന്‍ പറയാന്‍ എന്തവകാശം! ചിന്തിക്കുന്നതിനിടയില്‍ മോള്‍ അപ്രത്യക്ഷയായി. ഞാനവിടെയിരുന്ന് എന്റെ ബാല്യത്തെക്കുറിച്ചോര്‍ത്തു. ഒരക്ഷരത്തെറ്റു വരുത്തിയാല്‍ അര മാര്‍ക്ക് കുറയ്ക്കും. മാപ്പില്‍ ഒരു തെറ്റടയാളം വന്നാല്‍ ഒരു മാര്‍ക്ക് പോയി. മാത്രമോ രണ്ടോ മൂന്നോ തെറ്റു വന്നാല്‍ ടീച്ചറുടെ വക അടി മേടിക്കാനായി കൈ തുടച്ചു കാത്തുനില്‍ക്കണം. രണ്ടുമൂന്നുവര്‍ഷം തോറ്റു ക്ലാസില്‍ പഠിക്കുന്ന ചേട്ടായിപ്പിള്ളേര്‍ ടീച്ചറടുത്തെത്തുമ്പോഴേക്കും തലയിലൂടെ കൈയോടിച്ച് തലയിലെ എണ്ണയൊക്കെ കയ്യിലാക്കി അടി കൊള്ളാനായുള്ള ഒരുക്കങ്ങളൊക്കെ പൂര്‍ത്തിയാക്കി ധൈര്യമായി ഒരു കൂസലുമില്ലാതെ നില്‍ക്കും. ദുര്‍ബലചിത്തരാവട്ടെ ടീച്ചറെത്തുന്നതിനും മുമ്പ് തന്നെ കരഞ്ഞുതുടങ്ങും.

ഞങ്ങള്‍ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു ദിവസം ടീച്ചറുടെ വക അടിമരുന്നു പ്രയോഗം തുടങ്ങുകയായി. വളരെ ദുര്‍ബലനും ഒന്നരാടം ദിവസം പനിമൂലം ക്ലാസില്‍ വരാത്തവനുമായ ജയദേവന്‍ (പേര് വാസ്തവമല്ല) പേടിച്ചുകരഞ്ഞു തുടങ്ങി. അടി കൊള്ളാനുള്ളവരൊക്കെ എഴുന്നേറ്റു നില്‍ക്കുന്നു. ഞങ്ങളൊക്കെ ഇരിക്കുകയാണെങ്കിലും പലരും പേടിച്ചു കണ്ണുപൊത്തി ഇരിക്കുകയാണ്. ഞങ്ങളുടെ ബെഞ്ചിലിരിക്കുന്ന ജയദേവനും കുറി വീണ് അടി കൊള്ളാന്‍ എഴുന്നേറ്റ് നില്‍ക്കുകയാണ്. അവന്‍ കൈ ഇടയ്ക്കിടെ നിക്കറില്‍ തുടയ്ക്കുന്നുണ്ട്. അടി കൊള്ളുന്നതിനു മുമ്പ് തന്നെ ഇവനെന്തിനാ കൈ തൂക്കുന്നതെന്നു ഞാന്‍ വിചാരിച്ചു. പെട്ടെന്ന് അവന്‍ വിറയ്ക്കാന്‍ തുടങ്ങി. നിക്കറിനിടയിലൂടെ ചിലത് താഴേയ്ക്ക്. ഭയങ്കര നാറ്റം. ഞങ്ങളൊക്കെ മൂക്കുപൊത്തി. ടീച്ചര്‍ വന്ന് അവനെ അടിക്കുകയല്ല ചെയ്തത്. ടീച്ചേഴ്സ് റൂമില്‍ പോയി പഴയ പത്രം എടുത്തുകൊണ്ടുവരാന്‍ പറഞ്ഞു. അതുകൊണ്ട് താഴെ വീണതൊക്കെ കോരി പുറത്ത് കക്കൂസില്‍ കൊണ്ടുകളയാന്‍ അവനോടാവശ്യപ്പെട്ടു. എന്നിട്ട് വെള്ളവും ചൂലുമായി ടീച്ചര്‍ ക്ലാസിലെത്തി. അവനെ കൊണ്ടു തന്നെ അവിടം കഴുകിപ്പിച്ചു. ഞങ്ങളൊക്കെ പേടിച്ചുവിറച്ചിരുന്നു. ടീച്ചറുടെ വക ശകാരം. വീട്ടില്‍ നിന്ന് രാവിലെ എഴുന്നേറ്റ് ഒന്നും രണ്ടും കഴിക്കാതെ നേരെയിങ്ങ് പോരും ചിലര്‍. ഇനി മേലില്‍ രാവിലെ എഴുന്നേറ്റ് ഇതൊക്കെ പൂര്‍ണമായി ചെയ്യാതെ ആരും ക്ലാസില്‍ വരാന്‍ പാടില്ല എന്ന ഓര്‍ഡറും തന്നു. ജയദേവനു ക്ലാസില്‍ 'പേടിച്ചുതൂറി' എന്ന ഇരട്ടപ്പേര് വീണു. ഒരു വിധം പഠിക്കുന്ന കുട്ടിയാണവന്‍. വളരെ മെലിഞ്ഞു ദുര്‍ബലനായ അവന്‍ നല്ല ആരോഗ്യമില്ലാഞ്ഞിട്ടും പഠിക്കുന്നവനാണെന്നും മേലില്‍ ആരെങ്കിലുമവനെ 'പേടിച്ചുതൂറി' എന്നു വിളിച്ചാല്‍ അവര്‍ക്കായിരിക്കും ഇനി അടി കിട്ടുക എന്നുമായി ടീച്ചര്‍. ടീച്ചറിനോട് അവന്റെ ബെഞ്ചില്‍ തന്നെ ഇരിക്കുന്ന നളിനിയും ഞാനും കൂടി പോയാണ് പറഞ്ഞത് പലരും അവനെ ഇരട്ടപ്പേര് വിളിക്കുന്ന കാര്യം. ടീച്ചറിന്റെ പുതിയ ഉത്തരവ് കേട്ട് നളിനിയും ഞാനും പരസ്പരം നോക്കിച്ചിരിച്ചു. ഞങ്ങളുടെ 'മിഷന്‍' വിജയിച്ചതില്‍ ആഹ്ളാദിച്ചു. 

Content Highlights: b sandhya childhood memories sandhyaragam

Continue reading