പെണ്ണും കള്ളും കൊലപാതകവും; ചോര കൊണ്ടും പക കൊണ്ടും ചെന്നൈയെ വിറപ്പിച്ച ഓട്ടോ ശങ്കർ | Crime Gate

ഒരു പേരിലെന്തിരിക്കുന്നു എന്നു ചോദിച്ചാല് ചിലര് പറയും പേരാണ് വിധിയെ രൂപപ്പെടുത്തുന്നതെന്ന്. കഥയിലേക്ക് വരാം. 1955-ല് വെല്ലൂര് കാങ്കേയനല്ലൂരില് ഗൗരിശങ്കര് എന്ന കുഞ്ഞ് ജനിച്ചു. ഗൗരിശങ്കര്, സംഹാരമൂര്ത്തിയായ ശിവന്റെ പര്യായം. അവന്റെ അച്ഛന് ആ പേര് തിരഞ്ഞെടുത്തത് യാദൃച്ഛികമായിട്ടായിരുന്നോ? അതല്ലെങ്കില് തന്നെയും മറ്റുള്ളവരെയും വിനാശത്തിലെത്തിക്കുന്ന ആ കുട്ടിയുടെ ക്ഷിപ്രകോപത്തെ മുന്കൂട്ടി വിളിച്ചറിയിക്കുകയായിരുന്നോ ആ പേര്?
യൗവ്വനകാലം മുതൽ വെള്ളിത്തിരയോട് അടങ്ങാത്ത അഭിനിവേശമായിരുന്നു ശങ്കറിന്. അമ്മയുടെ സ്റ്റീല് പെട്ടിയിൽനിന്ന് നാണയത്തുട്ടുകള് മോഷ്ടിച്ചുകൊണ്ടാണ് സിനിമാസ്വപ്നങ്ങള്ക്ക് അവന് ചിറകുകള് നല്കിയത്. കൊട്ടകയിലെ മങ്ങിയ വെളിച്ചത്തില് തെളിയുന്ന ദൃശ്യങ്ങള്ക്ക് മുന്നില് അവന് സ്വയംമറന്നിരുന്നു. സ്ക്രീനില് നൃത്തം ചെയ്തും ചിരിച്ചും യുദ്ധം ചെയ്തും പ്രണയിച്ചും സ്വപ്നസദൃശ ജീവിതം നയിക്കുന്ന നായകനൊപ്പം അവനും സങ്കൽപ്പത്തിൽ ജീവിച്ചു. അഭിനയമോഹം തലയ്ക്കുപിടിച്ച ശങ്കര് തന്നെ സ്വാധീനിച്ച രംഗങ്ങള് ഭാവമൊട്ടും ചോരാതെ കൂട്ടുകാര്ക്ക് മുന്നില് അവതരിപ്പിക്കും, ആവേശത്തോടെ അവര് കൈയടിക്കും. വീട്ടിലെ ഇല്ലായ്മയിൽനിന്നു സ്വപ്നവും യാഥാർഥ്യവും ഇഴചേർന്ന ചെന്നൈയിലെ തമിഴ് സിനിമാലോകത്തേയ്ക്കുള്ള അവന്റെ സ്വപ്നസഞ്ചാരത്തിന്റെ ആഴമളക്കാൻ കുട്ടിക്കാലത്തു വീട്ടുകാർക്ക് കഴിഞ്ഞിരുന്നില്ല.
Content Highlights: Auto Sankar, Indian serial killer, Crime gate column by Anirban Bhattacharyya