പാറക്കെട്ടുകൾക്കിടയിൽ ഇതാ ഒരു ഗ്രാമസഭ

കഞ്ഞിക്കുഴി : കല്ലും പാറയും നിറഞ്ഞ മലഞ്ചെരിവുകൾ. ചുറ്റും പച്ചപ്പിന്റെ കുളിർമ. അകലെ വെള്ളച്ചാട്ടത്തിന്റെ കുളിർശബ്ദം. അതിനിടയിൽ നാട്ടുകാരുടെ ചർച്ചകൾക്ക് തുടക്കമായി. വേദി മറ്റൊന്നുമല്ല, പുന്നയാർ വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ പ്രത്യേക ഗ്രാമസഭ.
കഞ്ഞിക്കുഴി പഞ്ചായത്ത് സംഘടിപ്പിച്ച ഗ്രാമസഭയാണ് പതിവുകാഴ്ചകളിൽനിന്ന് മാറി പ്രകൃതിയിലേക്കിറങ്ങിയത്. ഗ്രാമത്തിന്റെ വികസനവും നാട്ടുകാരുടെ ആവശ്യങ്ങളും ചർച്ചചെയ്യാൻ ജനങ്ങൾ ഒത്തുചേർന്നപ്പോൾ പ്രകൃതിയും ആ കൂട്ടായ്മയുടെ ഭാഗമായി. ഗ്രാമസഭയ്ക്ക് മുമ്പ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുചീകരണവും നടന്നു.
പിന്നീടാണ് പുന്നയാർ വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക ഗ്രാമസഭ ചേർന്നത്. സാധാരണ ഗ്രാമസഭകളിലെ അടച്ചിട്ട മുറികൾക്കുപകരം പ്രകൃതിയുടെ തുറന്ന വേദി. കുന്നുംമലയും പാറക്കെട്ടുകളും വെള്ളച്ചാട്ടവും ചുറ്റുമുള്ളപ്പോൾ നാടിന്റെ കാര്യങ്ങൾ ചർച്ചചെയ്യാൻ ഒത്തുകൂടിയ ജനങ്ങൾ.
പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് വികസനത്തിന്റെ വഴിയിലൂടെ മുന്നേറണമെന്ന സന്ദേശം പകരുന്നതായിമാറി ഗ്രാമസഭ.
ഒരു ശുചീകരണപ്രവർത്തനം. അതിനപ്പുറം, സ്വന്തം നാടിനെ സ്വന്തം കൈകളാൽ വൃത്തിയാക്കുകയും സ്വന്തം നാടിന്റെ ഭാവി ഒരുമിച്ചിരുന്ന് ചർച്ചചെയ്യുകയും ചെയ്ത ഒരു ദിവസം.
പുന്നയാറിന്റെ വെള്ളച്ചാട്ട ശബ്ദത്തിനൊപ്പം കഞ്ഞിക്കുഴിയിൽ ആ കൂട്ടായ്മയുടെ ഓർമ്മയും അവശേഷിച്ചു.
ശുചിത്വം ജീവിതത്തിന്റെ ഭാഗമാക്കുന്നതിനുമായി തുടർച്ചയായ ഇത്തരം പ്രവർത്തനം സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹൻദാസ് പറഞ്ഞു.