ഓടയുണ്ടായിരുന്നെങ്കിൽ റോഡ് തകരില്ലായിരുന്നു

മഴവെള്ളം കുത്തിയൊഴുകി ദേശീയപാതയിലെ ചേലച്ചുവട്–കീരിത്തോട് റോഡിന്റെ വശം തകർന്നു
ചെറുതോണി : അടിമാലി-കുമളി ദേശീയപാതയിൽ ചേലച്ചുവടിനും കീരിത്തോടിനുമിടയിൽ റോഡിന്റെ വശം തകർന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു.
മഴവെള്ളം ഒഴുകിപ്പോകാൻ ആവശ്യമായ ഓടകളോ ശാസ്ത്രീയമായ നീർവാർച്ച സംവിധാനങ്ങളോ ഇല്ലാത്തതാണ് റോഡിന്റെ തകർച്ചയ്ക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.
മഴ പെയ്യുമ്പോൾ റോഡിന്റെ മുകൾഭാഗത്തുനിന്നുള്ള വെള്ളം നിയന്ത്രണമില്ലാതെ കുത്തിയൊഴുകി റോഡിന്റെ അരികിലൂടെ താഴേക്ക് പതിക്കുകയാണ്.
ഇതോടെ റോഡിന്റെ വശത്തെ മണ്ണും ടാറും ഒലിച്ചുപോയി വലിയ ഭാഗം അടർന്ന നിലയിലാണ്.
റോഡിന്റെ അരികിന് താഴെയായി വലിയ കുഴി രൂപപ്പെട്ടതിനാൽ വാഹനങ്ങൾ അൽപ്പം വശത്തേക്ക് മാറിയാൽപ്പോലും അപകടസാധ്യതയുണ്ട്.
റോഡിന് ആവശ്യമായ വീതിയില്ലാത്തതും വളവോടുകൂടിയ ഇടുങ്ങിയ ഭാഗമായതും അപകടസാധ്യത വർധിപ്പിക്കുന്നു.
രണ്ട് വാഹനങ്ങൾ എതിർദിശയിൽ എത്തിയാൽ സുരക്ഷിതമായി കടന്നുപോകാൻ പോലും ബുദ്ധിമുട്ടാണെന്ന് നാട്ടുകാർ പറയുന്നു.
ചേലച്ചുവടുമുതൽ കീരിത്തോടുവരെയുള്ള ദേശീയപാതയുടെ വിവിധ ഭാഗങ്ങളിലും സമാനമായി മഴവെള്ളം ഒഴുകി റോഡിന്റെ വശങ്ങൾ തകരുന്ന സ്ഥിതിയുണ്ട്.
ഓരോ മഴയിലും തകർച്ച കൂടുതൽ തകരുകയാണ്. ഇങ്ങനെ പോയാൽ റോഡിന്റെ വശങ്ങൾ പൂർണമായും അപകചക്കെണിയാകും. വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യത ഏറും.
ജീവൻ വരെ നഷ്ടപ്പെടാം. അത്തരമൊരു സാഹചര്യത്തിലേക്ക് കൊണ്ടുപോകരുത്. അനാസ്ഥ അധികൃതർ അവസാനിപ്പിക്കണം. കണ്ണ് തുറക്കണം.
അപകടമുണ്ടായശേഷം അറ്റകുറ്റപ്പണി നടത്തുന്നതിനുപകരം വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നതിനായി ശാസ്ത്രീയമായ ഓടകളും നീർവാർച്ച സംവിധാനങ്ങളും ഒരുക്കി തകർന്ന ഭാഗങ്ങൾ അടിയന്തരമായി പുനർനിർമിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
മഴ ശക്തമായാൽ റോഡിന്റെ കൂടുതൽ ഭാഗങ്ങൾ തകരാനും ഗതാഗതം തടസ്സപ്പെടാനും സാധ്യതയുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഉടൻ നടപടി വേണം.