വാ പിളർന്ന് അപകടഗർത്തം

രാജാക്കാട് ഓടയിലെ തുറസ്സായ ഗർത്തം അപകടഭീഷണിയാകുന്നു
രാജാക്കാട് : ടൗണിലെ ഓടയിലെ ഗർത്തം അപകടങ്ങൾക്ക് വഴിയൊരുക്കുന്നു.
കഴിഞ്ഞദിവസം രാത്രി എട്ടോടെ മാർക്കറ്റ് റോഡ് ജങ്ഷനിൽ പച്ചക്കറി കയറ്റിവന്ന പിക്കപ്പ് ജീപ്പ് ഓടയിലേക്കുവീണ് ചരിഞ്ഞതാണ് ഏറ്റവും ഒടുവിലത്തെ അപകടം.
കമ്പത്തുനിന്ന് രാജാക്കാട് ടൗണിലെ വ്യാപാരസ്ഥാപനത്തിലേക്ക് സവാളയുമായി എത്തിയ പിക്കപ്പ് ജീപ്പാണ് അപകടത്തിൽപ്പെട്ടത്.
സെൻട്രൽ ജങ്ഷൻ ഭാഗത്തുനിന്ന് എതിരേവന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ വാഹനം വശത്തേക്ക് ഒതുക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു.
വാഹനത്തിന്റെ പുറകുവശത്തെ ടയർ ഓടയിലേക്ക് ചാടി. ഭാഗ്യംകൊണ്ടാണ് വലിയ അപകടം ഒഴിവായത്. വാഹനത്തിലുണ്ടായിരുന്ന ലോഡ് മുഴുവൻ ഇറക്കിയശേഷം ചുമട്ടുതൊഴിലാളികളും സമീപത്തെ വ്യാപാരികളും ചേർന്ന് വാഹനം തള്ളി ഗർത്തത്തിൽനിന്ന് മാറ്റുകയായിരുന്നു.
ടൗണിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായി രാജാക്കാട് പഞ്ചായത്ത് കഴിഞ്ഞമാസം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഓടയുടെ സ്ലാബ് ഉയർത്തിയിരുന്നു. പിന്നീട് സ്ലാബുകൾക്കിടയിൽ വലിയ ഗർത്തം രൂപപ്പെടുകയായിരുന്നു.
അപകടസാധ്യത കണക്കിലെടുത്ത് ഗർത്തത്തിനുസമീപം നാല് കമ്പുകൾ നാട്ടി റിബൺകെട്ടുകമാത്രമാണ് അധികൃതരുടെ ഭാഗത്തുനിന്നു ഉണ്ടായ ഏക നടപടി.
വലിയ അപകടം ഉണ്ടായിട്ട് ഇടപെടാനാണോ?
പഞ്ചായത്ത് അധികൃതരും ഉദ്യോഗസ്ഥരും നിരന്തരം കടന്നുപോകുന്ന രാജാക്കാട് ടൗണിൽ ഇത്രയും അപകടകരമായനിലയിൽ ഓടയും ഗർത്തവും നില നിൽക്കുന്നത് നാട്ടുകാരിലും വ്യാപാരികളിലും കടുത്ത പ്രതിഷേധത്തിനിടയാക്കുകയാണ്.
അപകടസൂചനയായി റിബൺ കെട്ടിവെച്ചതുകൊണ്ടുമാത്രം പ്രശ്നത്തിന് പരിഹാരമാകില്ലെന്നും അടിയന്തരമായി ഗർത്തം നികത്തി ഓട സുരക്ഷിതമാക്കണമെന്നുമാണ് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെടുന്നത്.