ഉടുമ്പൻചോല പഞ്ചായത്തിന്റെ മാലിന്യസംസ്കരണ കേന്ദ്രത്തിന് തമിഴ്‌നാടിന്റെ വിലങ്ങുതടി

നെടുങ്കണ്ടം : ഉടുമ്പൻചോല പഞ്ചായത്തിലെ ചതുരംഗപ്പാറ താവളത്തിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന മാലിന്യസംസ്കരണ കേന്ദ്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ തമിഴ്‌നാട് വനംവകുപ്പിന്റെ അതിർത്തി തർക്കത്തെത്തുടർന്ന് നിലച്ചു. സർവേ നമ്പർ 39/21-ൽ ബ്ലോക്ക് 18-ൽ റീസർവേ നമ്പർ 216, 217 ഉൾപ്പെടുന്ന 24 ഏക്കർ 14 സെന്റിൽനിന്ന്‌ ഒരേക്കർ സർക്കാർ പുറമ്പോക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തി 2024 ഫെബ്രുവരിയിൽ തദ്ദേശസ്വയംഭരണ വകുപ്പിന് കൈമാറിയിരുന്നു. ഈ സ്ഥലത്ത് വാർഷിക പദ്ധതിയിൽ തുക വകയിരുത്തി പഞ്ചായത്ത് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോഴാണ് തമിഴ്‌നാട് വനംവകുപ്പ് അതിർത്തി തർക്കം ഉന്നയിച്ച് തടസ്സം നിന്നത്.

തർക്കം പരിഹരിക്കുന്നതിനായി സ്ഥലം അളന്നുതിരിക്കാൻ പഞ്ചായത്ത് ഉടുമ്പൻചോല താലൂക്ക് സർവേയർക്ക് കത്ത് നൽകിയിരുന്നു. തമിഴ്‌നാട് വനം വകുപ്പ് പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തി സംയുക്ത പരിശോധനയിലൂടെ അതിർത്തികൾ കല്ലിട്ട് തിരിക്കാമെന്ന് താലൂക്ക് സർവേയർ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ, പരിശോധന തീയതി അറിയിക്കണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പിന് കത്തയച്ചെങ്കിലും മറുപടി ലഭിച്ചില്ല.​തുടർന്ന് കഴിഞ്ഞ ഒക്ടോബറിൽ ഉടുമ്പൻചോല പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും തമിഴ്‌നാട് ഡി.എഫ്.ഒ. ഓഫീസിൽ നേരിട്ടെത്തി രേഖകൾ സഹിതം വിവരങ്ങൾ ധരിപ്പിച്ചു. എന്നാൽ, തേനി കളക്ടറുടെ ഓഫീസിൽനിന്ന്‌ നിർദേശം ലഭിച്ചാൽ മാത്രമേ വിഷയത്തിൽ ഇടപെടാൻ കഴിയൂ എന്ന നിലപാടാണ് ഡി.എഫ്.ഒ. സ്വീകരിച്ചത്. പിന്നീട് ഇടുക്കി ജില്ലാകളക്ടറെ കണ്ട് വിവരങ്ങൾ ധരിപ്പിക്കുകയും കത്ത് നൽകുകയും ചെയ്തെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ഇതിനിടെ വിഷയം പല തവണ ഉടുമ്പൻചോല താലൂക്ക് സഭയിൽ ചർച്ചയ്ക്ക്‌ വരുകയും ചെയ്തിരുന്നു. രണ്ടാഴ്ച മുമ്പ് ഉടുമ്പൻചോല പഞ്ചായത്ത് പ്രസിഡന്റ് നാഗജ്യോതി ഭാസ്കർ കമ്പത്ത് എത്തി തേനി എം.എൽ.എ.യ്ക്ക് നേരിട്ട് കത്ത് നൽകുകയും ചെയ്തിരുന്നു. ഇരു സംസ്ഥാനങ്ങളിലെയും ജില്ലാകളക്ടർമാർ ഇടപെട്ട് വിഷയം അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ പഞ്ചായത്തിന്റെ മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.

മാലിന്യസംസ്കരണകേന്ദ്രവും ആയുർവേദ ആശുപത്രിയും ഒരുമിച്ച്

:നിലവിൽ പരിമിതമായ സ്ഥലസൗകര്യങ്ങളിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് പിന്നിലായാണ് മാലിന്യസംസ്കരണ കേന്ദ്രം പ്രവർത്തിക്കുന്നത്. ഉടുമ്പൻചോല ആയുർവേദ ആശുപത്രി ഒ.പി. പ്രവർത്തിക്കുന്നതും കമ്യൂണിറ്റിഹാൾ കെട്ടിടത്തിലാണ്. ഇതുമൂലം ആശുപത്രിയിലെത്തുന്ന രോഗികൾക്കും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.