നടപ്പാത കൈയേറ്റവും മാലിന്യം തള്ളലും: കാൽനടയാത്രക്കാർക്ക് ദുരിതയാത്ര

കുമളി : ടൗണിലെ സാംസ്കാരിക നിലയത്തിന് താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽനിന്നുള്ള മാലിന്യം തള്ളലും വ്യാപകമായ നടപ്പാത കൈയേറ്റവും മൂലം കുമളിയിൽ കാൽനടയാത്ര ദുഷ്‌കരമാകുന്നു. വിനോദസഞ്ചാര കേന്ദ്രമായ ഇവിടെ പൊതുജനാരോഗ്യത്തെയും യാത്രക്കാരുടെ സുരക്ഷയെയും മുൻനിർത്തിയുള്ള നിയമങ്ങൾ കാറ്റിൽപ്പറത്തിയാണ് ഹോട്ടലിന്റെ പ്രവർത്തനം.
ഹോട്ടലിൽനിന്നുള്ള മലിനജലവും ഭക്ഷണ അവശിഷ്ടങ്ങളും നേരിട്ട് ഓടയിലേക്ക് ഒഴുക്കിവിടുകയാണ്. മാലിന്യം കെട്ടിക്കിടന്ന് പ്രദേശത്താകെ രൂക്ഷമായ ദുർഗന്ധമാണ് അനുഭവപ്പെടുന്നത്. ഇതിനുപുറമേയാണ് നടപ്പാത കൈയേറി സാധനങ്ങളും പരസ്യബോർഡുകളും സ്ഥാപിച്ചിരിക്കുന്നത്. ഇതോടെ വഴിയാത്രക്കാർ തിരക്കേറിയ റോഡിലൂടെ ജീവൻ പണയംവെച്ച് നടക്കേണ്ട അവസ്ഥയിലാണ്. സമീപത്തെ വ്യാപാരികളെയും ഇത് സാരമായി ബാധിക്കുന്നുണ്ട്.
പ്രദേശത്ത് കൊതുക്, ഈച്ചകളുടെ ശല്യം വർധിച്ചതോടെ പകർച്ചവ്യാധി ഭീഷണിയും ശക്തമായി. സാംസ്കാരികനിലയവും പരിസരവും നിത്യേന നൂറുകണക്കിന് ആളുകൾ വന്നുപോകുന്ന പ്രധാന കേന്ദ്രമായിട്ടും അധികൃതർ നടപടിയെടുക്കാതെ കണ്ണടയ്ക്കുകയാണെന്നാണ് ആക്ഷേപം.
കുമളി പഞ്ചായത്തിനും ആരോഗ്യവകുപ്പിനും പോലീസിനും സംയുക്ത പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ. പൊതുജനാരോഗ്യം മുൻനിർത്തി നിയമലംഘനം നടത്തുന്ന സ്ഥാപനത്തിനെതിരേ കർശന നടപടി സ്വീകരിക്കണമെന്നും നടപ്പാതയിലെ കൈയേറ്റം അടിയന്തരമായി ഒഴിപ്പിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.