സഹിച്ച് മടുത്തു, ഇനി പിടിച്ചുകെട്ടും

ദേശീയപാതയിലും മറ്റും അലഞ്ഞുതിരിയുന്ന കന്നുകാലികളെ വണ്ടിപ്പെരിയാർ പഞ്ചായത്ത് പിടികൂടിത്തുടങ്ങി
വണ്ടിപ്പെരിയാർ : ദേശീയപാതയിലും ടൗണിലും മറ്റും അലഞ്ഞുതിരിഞ്ഞ് നടന്ന കന്നുകാലികളെ പിടികൂടി പഞ്ചായത്ത്.ടൗണിലും ദേശീയപാതയിലും കന്നുകാലിശല്യം രൂക്ഷമായിരുന്നു. അനിയന്ത്രിതമായി ഇവ റോഡിലൂടെ ഓടിനടന്ന് ചെറുതും വലുതുമായ വാഹനാപകടങ്ങൾ ഉണ്ടാക്കി. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. ഇതോടെ നാട്ടുകാർ പ്രതിഷേധം ഉയർത്തി.
ഇങ്ങനെ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന കന്നുകാലികളെ ഉടമസ്ഥർ മാറ്റണമെന്നും ഇല്ലെങ്കിൽ ഇവയെ പിടിച്ചുകെട്ടുമെന്നും പിഴ ഈടാക്കുെമെന്നും വണ്ടിപ്പെരിയാർ പഞ്ചായത്ത് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, മിക്ക ഉടമകളും മുന്നറിയിപ്പ് അവഗണിച്ചു. കഴിഞ്ഞദിവസം പഞ്ചായത്ത് അഞ്ചോളം കന്നുകാലികളെ പിടിച്ചുകെട്ടി.
ഇതോടെ ഉടമകൾ തേടിയെത്തി. ഇവരിൽനിന്ന് 1000 രൂപ വീതം പിഴ ഈടാക്കിയാണ് കന്നുകാലികളെ വിട്ടുകൊടുത്തത്.
നടപടി തുടരുമെന്ന് ജൂനിയർ സൂപ്രണ്ട് ടി.ടി. ജിജോമോൻ പറഞ്ഞു. വണ്ടിപ്പെരിയാറിലെ കാലിക്കെണിയേക്കുറിച്ച് മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു.