നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് സിപ്പ് ലൈനിലേക്ക് ഇടിച്ചുകയറി

ഒരാൾക്ക് പരിക്ക്
കുഞ്ചിത്തണ്ണി : നിയന്ത്രണംനഷ്ടപ്പെട്ട ജീപ്പ് നിർമാണത്തിലിരുന്ന സിപ്പ് ലൈനിലേക്ക് ഇടിച്ചുകയറി ഒരാൾക്ക് പരിക്കേറ്റു. പരിക്കേറ്റ ബൈസൺവാലി സ്വദേശി മാളിയേക്കൽ മനോജിനെ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രി 12.30-ന് ആയിരുന്നു അപകടം. ആനച്ചാൽ ഭാഗത്തുനിന്നും ബൈസൺവാലിക്കുപോയ ജീപ്പ് കുഞ്ചിത്തണ്ണി ടൗണിനുസമീപം നിർമാണം നടക്കുന്ന സിപ്പ് ലൈനിനു സമീപത്ത് എത്തിയപ്പോൾ നിയന്ത്രണംനഷ്ടപ്പെട്ട് സിപ്പ് ലൈനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സിപ്പ് ലൈനിനിടയിൽ കുടുങ്ങിയ വാഹനത്തിൽനിന്ന് മനോജിനെ പുറത്തെടുക്കുവാൻ രണ്ടുമണിക്കൂർ കഠിനപ്രയത്നം വേണ്ടിവന്നു. രാജാക്കാട്ടിൽനിന്നും അടിമാലിയിൽനിന്നും എത്തിയ അഗ്നിരക്ഷാസേനാംഗങ്ങളും നാട്ടുകാരും ചേർന്നാണ് മനോജിനെ പുറത്തെടുത്ത്.
മനോജിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമികവിവരം.