തിരിച്ചെത്താൻ വട്ടവടയ്ക്ക് സമയമെടുക്കും

പാടെ തകർന്ന് വട്ടവട
മൂന്നാർ : ശീതകാല പട്ടച്ചക്കറിക്ക് പേരുകേട്ട വട്ടവടയ്ക്ക് കഴിഞ്ഞദിവസം ഉണ്ടായ കാലവർഷക്കെടുതിയിൽനിന്ന് കരകയറാൻ ഇനിയും നാളുകൾ വേണ്ടിവരും. കാർഷികമേഖലയിൽ മാത്രമല്ല, ടൂറിസം ഗതാഗതം എന്നീ മേഖലകളിലും വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. വട്ടവടയിൽ കൃഷി സീസൺ ആരംഭിച്ചിട്ടില്ല.
കർഷകർ വിളവിറക്കിയിട്ടില്ലെങ്കിലും മഴയിൽ പാടങ്ങളെല്ലാം വെള്ളം കയറി നശിച്ചു. ഇവിടെ കെട്ടിക്കിടക്കുന്ന വെള്ളം പൂർണമായും മാറണമെങ്കിൽ ഇനിയും നാളുകൾ എടുത്തേക്കും. പാടങ്ങളിലേക്ക് ഒഴുകിയെത്തിയ കല്ലും മണ്ണും നീക്കാനും കർഷകർക്ക് ഒത്തിരി യത്നിക്കേണ്ടി വരും. വലിയ സാമ്പത്തിക മുടക്കും വേണ്ടി വരും.
ഗതാഗതം താറുമാറായി
റോഡുകളെല്ലാം തകർന്നതും വലിയ പ്രതിസന്ധിയാണ് വട്ടവട-തട്ടാംപാറ റോഡിലെ ചക്ലിനോട പാലം തകർന്നതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിലച്ചു. മറ്റു കൈവഴികളിലൂടെ ചുറ്റിക്കറങ്ങി വേണം തട്ടാംപാറക്കാർക്ക് ഇനി പുറംലോകത്തേക്ക് എത്തുവാൻ.
കൂടാതെ വട്ടവട, കൊട്ടാക്കമ്പൂർ, പഴത്തോട്ടം, ചിലന്തിയാർ എന്നിവിടങ്ങളിലെ റോഡും കുണ്ടും കുഴിയുമായി. റോഡ് നന്നാക്കാനും സമയം ഏറെ എടുത്തേക്കും.
പാക്കേജ് മുടങ്ങി
വട്ടവടയിലെ ടൂറിസം മേഖലയിലും കനത്തതിരിച്ചടിയാണ് മഴ മൂലം ഉണ്ടായിരിക്കുന്നത്. സഞ്ചാരികൾ തങ്ങളുടെ യാത്രകൾ നേരത്തേ അവസാനിപ്പിച്ച് മടങ്ങി.
അപ്രതീക്ഷിതമായി എത്തിയ മഴയായതിനാൽ സഞ്ചാരികൾക്ക് താമസിക്കുവാൻ നിർമിച്ചിട്ടുള്ള ടെന്റുകൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.