ലക്കത്ത് ലക്കുംലഗാനുമില്ലാതെ പെട്ടിക്കടകൾ

മറയൂർ : ലക്കം വെള്ളച്ചാട്ടത്തിന് സമീപം ഗതാഗതക്കുരുക്ക് രൂക്ഷം. കൂടുതൽ കുരുക്ക് ഉണ്ടാകുംവിധം ഇവിടെ പാതയോരങ്ങളിൽ അനധികൃത പെട്ടിക്കടകൾ കൂണുപോലെ മുളച്ചുവരുന്നു.

മൂന്നാർ- ഉദുമൽപേട്ട അന്തസ്സംസ്ഥാന പാതയിലാണ് ഇങ്ങനെ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത്.

പാത കൈയേറി പെട്ടിക്കടകൾ കെട്ടുന്നതിനെതിരേ യാതൊരുവിധ നടപടികളും അധികൃതർ സ്വീകരിക്കുന്നുമില്ല. ഒരാഴ്ചയ്ക്കകം 10-ലധികം കടകളാണ് ഇവിടെ പുതുതായി വന്നിരിക്കുന്നത്.

കുറിഞ്ഞി പൂവിട്ടതും അവധിദിനങ്ങൾ വന്നതുംമൂലം ആയിരക്കണക്കിന് വാഹനങ്ങളാണ് ഈ പാതയിലൂടെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്ന്‌ മൂന്നാറിലേക്ക് വരുന്നത്. പാർക്കിങ് സൗകര്യമില്ലാത്തത് മൂലം വാഹനങ്ങൾ പാത കൈയടക്കി പാർക്കിങ് നടത്തുന്നുണ്ട്. ഇതും പ്രശ്‌നമാണ്.

ഗുരുതര രോഗികളുമായി പോകുന്ന ആംബുലൻസുകൾ മണിക്കൂറോളം കുരുക്കിൽപ്പെട്ട് കിടക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ട്.

ഉദുമൽപ്പെട്ട മൂന്നാർ റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളും മണിക്കൂറുകൾ വൈകിയാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത്.

ആവശ്യത്തിന് പാർക്കിങ് ഒരുക്കിയും പാതയോരത്തെ പെട്ടിക്കടകൾ മാറ്റിയും ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.