ഇത് ക്രാഷ് ഉണ്ടാക്കുന്ന ബാരിയർ

ചെമ്മണ്ണാർ ഗ്യാപ്പ് റോഡിൽ ചൊക്രമുടി ഭാഗത്തെ തകർന്ന ക്രാഷ് ബാരിയർ തലയ്ക്കുമുകളിൽ...

കുഞ്ചിത്തണ്ണി : അപകടത്തെ തുടർന്ന് തകർന്ന ക്രാഷ് ബാരിയർ റോഡിലേക്ക് തള്ളി നിൽക്കുന്നത് കൂ‍ടുതൽ അപകട ഭീഷണി ഉയർത്തുന്നു.

ചെമ്മണ്ണാർ ഗ്യാപ്പ് റോഡിൽ ചൊക്രമുടി ഭാഗത്താണ് റോഡിലേക്ക് തള്ളി ആറടി ഉയരത്തിൽ ക്രാഷ് ബാരിയർ അപകടകരമായ രീതിയിൽ നിൽക്കുന്നത്.

കഴിഞ്ഞ ദിവസം നീലക്കുറിഞ്ഞി കാണാൻ ചൊക്രമുടിയിൽ എത്തിയ വിനോദസഞ്ചാരികളായ കൊല്ലം സ്വദേശികളുടെ കാർ നിയന്ത്രണംവിട്ട് ക്രാഷ്ബാരിയറിലിടിച്ച് ഏലത്തോട്ടത്തിലേക്ക് മറിഞ്ഞിരുന്നു.

ഈ ഇടിയുടെ ആഘാതത്തിൽ തകർന്ന ക്രാഷ് ബാരിയറാണ് ആറടി പൊക്കത്തിൽ റോഡിലേക്ക് ഉയർന്നുനിന്ന് മറ്റു വാഹനങ്ങൾക്ക് അപകട ഭീഷണി ഉയർത്തുന്നത്.

സമീപവാസികൾ ക്രാഷ് ബാരിയറിന്റെ അഗ്രഭാഗത്ത് ഒരു പ്ലാസ്റ്റിക് ചാക്കുകൊണ്ട് മൂടിയതല്ലാതെ മറ്റൊരു അപകടമുന്നറിയിപ്പും ഇവിടെ സ്ഥാപിച്ചില്ല.

വഴി പരിചയമില്ലാതെ വരുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾ പ്രത്യേകിച്ചും വലിയ വാഹനങ്ങൾ റോഡിലേക്ക് തള്ളി നിൽക്കുന്ന ഈ ക്രാഷ് ബാരിയറിൽ തട്ടി അപകടം ഉണ്ടാകാനുള്ള സാധ്യത വളരെയേറെയാണ്.

മറ്റൊരപകടം ഉണ്ടാകുന്നതിനുമുമ്പ് റോഡിൽനിന്ന് ക്രാഷ് ബാരിയർ നീക്കംചെയ്യാനുള്ള നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.