സ്വയം പോരെന്ന തോന്നൽ, എപ്പോഴും ഇംപോസ്റ്റർ സിൻഡ്രോം കൂടെയുണ്ടായിരുന്നു- വിരാട് കോലി

അടുത്തിടെ ബ്രിട്ടീഷ് നടി നവോമി വാട്സും ബോളിവുഡ് താരം അനന്യ പാണ്ഡെയും ഇംപോസ്റ്റർ സിൻഡ്രോം എന്ന അവസ്ഥയിലൂടെ കടന്നുപോവുകയാണെന്ന് തുറന്നുപറഞ്ഞിരുന്നു. ചെയ്യുന്ന കാര്യങ്ങളിൽ ഒരിക്കലും സന്തോഷം തോന്നിയിരുന്നില്ലെന്നും മറ്റൊരാൾ തന്റെ പേരുപറയുമ്പോൾ പോലും അരക്ഷിതാവസ്ഥ അനുഭവപ്പെട്ടിരുന്നുവെന്നുമാണ് അനന്യ പറഞ്ഞത്. താനെപ്പോഴും കഷ്ടപ്പെടേണ്ട ആളാണെന്നാണ് സ്വയം തോന്നിയിരുന്നതെന്ന് നവോമിയും പറഞ്ഞു. ഇപ്പോഴിതാ ക്രിക്കറ്റ് താരം വിരാട് കോലിയും താൻ ഇംപോസ്റ്റർ സിൻഡ്രോമിലൂടെ കടന്നുപോകുന്നയാളാണ് എന്ന് പങ്കുവെച്ചിരിക്കുകയാണ്.
ബെംഗളൂരുവിൽ വച്ചുനടന്ന ഒരു സമ്മിറ്റിൽ വച്ചാണ് കോലി ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. എപ്പോഴും ഇതുപോരെന്നും സ്വയം തൃപ്തി തോന്നാതിരിക്കുകയും ചെയ്യുമെന്നും ആ ഇംപോസ്റ്റർ സിൻഡ്രോം എന്നും ഉണ്ടായിരുന്നുവെന്നുമാണ് കോലി പറഞ്ഞത്. ക്രിക്കറ്റ് േലാകത്ത് രണ്ട് ദശകം പിന്നിട്ടിട്ടും സ്വയം ആത്മവിശ്വാസം തോന്നാത്തവിധം തന്നെ ഇംപോസ്റ്റർ സിൻഡ്രോം പിടികൂടിയിരുന്നുവെന്ന കോലിയുടെ തുറന്നുപറച്ചിൽ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്.
എന്താണ് ഇംപോസ്റ്റർ സിൻഡ്രോം?
ക്ലിനിക്കൽ വിശദീകരണത്തിൽ ഇംപോസ്റ്റർ സിൻഡ്രോമിനെ ഒരു രോഗമായി കണക്കാക്കുന്നില്ല. എന്നാൽ ആളുകൾക്കുണ്ടാവുന്ന മാനസികമായ ഒരു അരക്ഷിതാവസ്ഥയായി അതിനെ വിശകലനം ചെയ്യാം. തന്റെ കഴിവുകളിൽ മതിപ്പില്ലാത്ത, അവ വ്യാജമാണെന്ന് വിശ്വസിക്കുന്ന, ജീവിതത്തിൽ എത്ര വിജയിയാണെന്ന് പറഞ്ഞാലും അത് ഉൾക്കൊള്ളാൻ കഴിയാത്ത, നേടിയതൊക്കെ അനർഹമാണെന്ന് തോന്നുന്ന, നേടിയതൊക്കെ അപ്രതീക്ഷിത ഭാഗ്യമാണെന്നും വളരെ അടുത്ത് അതൊക്കെ നഷ്ടമാവുമെന്നും തോന്നുന്ന ഒരു തരം സാമൂഹികവും മാനസികവുമായ അരക്ഷിതാവസ്ഥയാണിത്.
ഈ മാനസികാവസ്ഥയെ ഇംപോസ്റ്റർ സിൻഡ്രോമെന്ന് ആദ്യം വിശേഷിപ്പിച്ചത് സൈക്കോളജിസ്റ്റായ പോളിൻ ക്ലാൻസും സൂസന്നെ ഇംസും ചേർന്നാണ്. വളരെയധികം നേട്ടങ്ങൾ സ്വന്തമാക്കിയ സ്ത്രീകളിലാണ് ഇത്തരം പ്രശ്‌നങ്ങൾ സാധാരണ കാണാറുള്ളത്. എന്നാൽ അത്യപൂർവമായി പുരുഷന്മാരിലും ഇത് കണ്ടെന്നു വരാം.
വംശം, പാരമ്പര്യം, നിറം, ജോലി, പദവി, വരുമാനം തുടങ്ങിയ സാമൂഹിക ചുറ്റുപാടുകളും ഇംപോസ്റ്റർ സിൻഡ്രോമിന് പ്രേരണകളാവാറുണ്ട്. ഇംപോസ്റ്റർ സിൻഡ്രത്തിലൂടെ കടന്നുപോകുന്നവരിൽ ഉത്കണ്ഠ, വിഷാദരോഗം തുടങ്ങിയവ കണ്ടുവരാറുണ്ട്. ആത്മവിശ്വാസവും ആത്മാഭിമാനവും ഇക്കൂട്ടരിൽ നന്നേ കുറവായിരിക്കും.
മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് ഒഴിവാക്കിയും സൗഹൃദങ്ങളിലൂടെയും സംശയങ്ങളെ വെല്ലുവിളിച്ചുമൊക്കെ ഒരുപരിധിവരെ മറികടക്കാം. ഇതൊന്നും ഫലം കാണുന്നില്ലെങ്കിൽ വിദഗ്ധ സഹായം തേടേണ്ടതും പ്രധാനമാണ്.
Content Highlights: Virat Kohli admits to experiencing Imposter Syndrome despite a two-decade cricket career., Imposter Syndrome is a psychological phenomenon, not a clinical disease.