മുതിര്‍ന്നവരിലെ ഹൃദയചികിത്സയും 'ഫ്രെയ്ലിറ്റി ഇന്‍ഡക്‌സും'

പ്രതീകാത്മകചിത്രം | Photo: Canva.com
പ്രതീകാത്മകചിത്രം | Photo: Canva.com

മുതിര്‍ന്നവരിലെ ഹൃദ്രോഗചികിത്സ ഒരു കലയാണ്. അവരില്‍ ഹൃദയാഘാതവുമായി ബന്ധപ്പെട്ട ചികിത്സയില്‍ പല ഘടകങ്ങളും പരിഗണിക്കേണ്ടതുണ്ട്. പൊതു ആരോഗ്യാവസ്ഥ അനുകൂലമെങ്കില്‍ ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നത് പ്രയോജനം ചെയ്യും. ആന്‍ജിയോപ്ലാസ്റ്റിയെത്തുടര്‍ന്നുള്ള വൃക്കപരാജയവും 'സ്റ്റെന്റ്' ഇടുമ്പോള്‍ സ്ഥിരമായി വേണ്ടിവരുന്ന രക്തം നേര്‍പ്പിക്കുന്ന മരുന്നുകളുടെ ഉപയോഗവും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം.

ഫ്രെയ്ലിറ്റി ഇന്‍ഡക്‌സ്

വയോധികര്‍ക്ക് ആന്‍ജിയോപ്ലാസ്റ്റിയോ ബൈപ്പാസ് സര്‍ജറിയോ ചെയ്യുന്നതിനു മുന്‍പായി 'ഫ്രെയ്ലിറ്റി ഇന്‍ഡക്‌സ്' വിലയിരുത്തണം. പൊതുവായ ശാരീരിക ബലഹീനതയും തളര്‍ച്ചയും ക്ഷീണവുമൊക്കെ ഉള്‍ക്കൊള്ളുന്നതാണ് ഫ്രെയ്ലിറ്റി ഇന്‍ഡക്‌സ്. 70 വയസ്സ് കഴിഞ്ഞവരില്‍ ഫ്രെയ്ലിറ്റി ഇന്‍ഡക്‌സ് 70 ശതമാനവും 80 കഴിഞ്ഞവരില്‍ 80 ശതമാനവുമാണ്. 70 വയസ്സുള്ള ഒരാള്‍ക്ക് 90 വയസ്സുകാരന്റെ ഫ്രെയ്ലിറ്റി ഇന്‍ഡക്‌സ് ആണെങ്കില്‍ ആയുര്‍ദൈര്‍ഘ്യവും സാരമായി കുറയും.

കണക്കാക്കേണ്ട ഘടകങ്ങള്‍

• സാര്‍ക്കൊപെനിയ (ശാരീരികപേശികളുടെ ശക്തി ശോഷിക്കുന്ന അവസ്ഥ)

• സംഘര്‍ഷങ്ങളെ അതിജീവിക്കാനുള്ള കഴിവുകുറവ്

• ശരീരത്തിന്റെ കുറയുന്ന പ്രവര്‍ത്തനശേഷി

• ജോലി ചെയ്യുമ്പോള്‍ പെട്ടെന്ന് തളരുകയും ക്ഷീണിക്കുകയും ചെയ്യുന്ന നില

• ഭാരക്കുറവ്

• നടക്കുന്ന രീതിയും വേഗവും വ്യത്യാസപ്പെടല്‍

• കുറഞ്ഞ പോഷകനിലവാരം

• ബൗദ്ധികശോഷണവും മറവിയും

• ആപത്ഘടകങ്ങളുടെ അതിപ്രസരം (രക്താതിമര്‍ദം, പ്രമേഹം, വര്‍ധിച്ച കൊളസ്ട്രോള്‍, പുകവലി, മദ്യപാനം, വൃക്കരോഗം, സന്ധിരോഗങ്ങള്‍, വ്യായാമക്കുറവ്)

ഈ ഘടകങ്ങളെല്ലാം വയോധികരില്‍ ചികിത്സാസമയത്ത് പരിഗണിക്കണം. ശാരീരിക-മാനസിക നിലവാരമനുസരിച്ച് ഉചിതമായ ചികിത്സ തിരഞ്ഞെടുക്കണം. കൊളസ്ട്രോളും പ്രമേഹവും അമിതരക്തസമ്മര്‍ദവും നിയന്ത്രണവിധേയമാക്കാനുള്ള മരുന്നുകള്‍ വിപണിയിലുണ്ട്. അവയെല്ലാം ആവശ്യാനുസരണം പ്രയോജനപ്പെടുത്തണമെന്നുമാത്രം.- ഡോ. ജോര്‍ജ് തയ്യില്‍, ഹൃദ്രോഗവിദഗ്ധന്‍, എറണാകുളം ലൂര്‍ദ് ആശുപത്രി

Content Highlights: Learn about heart disease treatment in elderly patients, including angioplasty, bypass surgery