ലക്ഷണങ്ങൾ തിരിച്ചറിയാനുള്ള അറിവുണ്ടായിരുന്നില്ല, ദീപികയുടെ വിഷാദം മനസ്സിലാക്കിയത് വൈകിയെന്ന് സഹോദരി

#Health Desk
ദീപിക പദുക്കോൺ, അനിഷ പദുക്കോൺ
ദീപിക പദുക്കോൺ, അനിഷ പദുക്കോൺ

വിഷാദരോഗത്തിലൂടെ കടന്നുപോയതിനേക്കുറിച്ചും മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തേക്കുറിച്ചുമൊക്കെ നിരന്തരം തുറന്നു പറഞ്ഞിട്ടുള്ളയാളാണ് ബോളിവുഡ് നടി ദീപിക പദുക്കോൺ. ഇപ്പോഴിതാ ദീപികയുടെ വിഷാദരോഗം തിരിച്ചറിഞ്ഞതിനേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് സഹോദരി അനിഷ പദുക്കോൺ. വളരെക്കാലം സഹോദരിയുടെ മാനസികാരോഗ്യ പ്രശ്നങ്ങളേക്കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്നു പ്രൊഫഷണൽ ഗോൾഫർ കൂടിയായ അനിഷ പിടിഐയോട് പറഞ്ഞു.

തന്നെ സംബന്ധിച്ചിടത്തോളം ദീപിക എന്താണ് നേരിടുന്നതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ലെന്നും ലക്ഷണങ്ങളിൽനിന്ന് തിരിച്ചറിയാനുള്ള അറിവുണ്ടായിരുന്നില്ലെന്നും അനിഷ പറഞ്ഞു. വിഷാദരോഗം എന്ന വിഷയത്തേക്കുറിച്ച് തനിക്ക് ധാരണയില്ലായിരുന്നു. സഹോദരിയുടെ അവസ്ഥയിലൂടെ കടന്നുപോകുമ്പോഴാണ്‌ ഇതേക്കുറിച്ച് കൂടുതൽ വായിക്കുകയും മനസ്സിലാക്കുകയും ചെയ്തതുമെന്നും അനിഷ പറ‍ഞ്ഞു.

അവിടെ മുതലാണ് തന്റെ മാനസികാരോഗ്യ യാത്രയും ആരംഭിച്ചതെന്ന് അനിഷ പറയുന്നു. മാനസികാരോഗ്യത്തെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. ഒരു കായികതാരമെന്ന നിലയിൽ എപ്പോഴും ശാരീരികാരോഗ്യത്തിന് ഒരു പരിധി വരെ പ്രാധാന്യം നൽകിയിരുന്നുവെങ്കിലും മാനസികാരോഗ്യത്തിന് അത്രയധികം പ്രാധാന്യം നൽകിയിരുന്നില്ല. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ ഗവേഷണം ചെയ്യുകയും മനസ്സിലാക്കുകയും ചെയ്തപ്പോഴാണ് ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും ലക്ഷക്കണക്കിന് ആളുകൾ സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതെന്ന് അനിഷ പറയുന്നു.

നേരത്തെ ലൈവ് ലവ് ലാഫ് ഫൗണ്ടേഷൻ പരിപാടിയിൽ സംസാരിക്കവേ ദീപിക തന്റെ വിഷാദരോഗവുമായുള്ള പോരാട്ടത്തെക്കുറിച്ചും അമ്മ എങ്ങനെയാണ് രക്ഷിച്ചതെന്നും പറഞ്ഞിരുന്നു. താൻ മുംബൈയിൽ തനിച്ചായതിനാൽ മാനസികാരോഗ്യത്തേക്കുറിച്ച് ആരോടും പറഞ്ഞിരുന്നില്ല. അമ്മ തന്നെ കാണാൻ മുംബൈയിൽ വന്ന് ബാംഗ്ലൂരിലേക്ക് തിരിച്ചുപോകുന്ന ദിവസം ആകെ തളർന്നുപോയി. പൊട്ടിക്കരഞ്ഞ് തനിക്ക് ജീവിക്കേണ്ട എന്നുപറഞ്ഞു. ഭാഗ്യവശാൽ അമ്മ ആ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ഒരു സൈക്കോളജിസ്റ്റിനെ കാണാൻ നിർദ്ദേശിച്ചുവെന്നും അതാണ് തന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതെന്നും ദീപിക പറഞ്ഞിരുന്നു.

അന്നുതൊട്ട് ഇന്നോളം മാനസികാരോഗ്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നയാളാണ് ദീപിക. മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കായി പിന്നീട് ലിവ് ലവ് ലാഫ് ഫൗണ്ടേഷൻ എന്ന സംഘടനയ്ക്ക് തുടക്കമിടുകയും ചെയ്തു ദീപിക.

വിഷാദരോഗം പലവിധം

പലരീതിയിൽ വിഷാദരോഗം പ്രകടമാകാം. രണ്ടുവ്യക്തികളുടെ വിഷാദ അനുഭവം ഒരിക്കലും ഒരുപോലെ ആയിരിക്കില്ല. സ്ത്രീകളിൽ വിഷാദരോഗ സാധ്യത പുരുഷന്മാരെക്കാൾ രണ്ട് മുതൽ മൂന്ന് മടങ്ങ് വരെ അധികമാണ്. ശൂന്യത, നിസ്സംഗത, നിർവികാരത, ഒന്നിലും സന്തോഷം കണ്ടെത്താൻ കഴിയാതിരിക്കുക തുടങ്ങിയവ വിഷാദരോഗത്തിന്റെ ലക്ഷണങ്ങളാണ്. അവയ്ക്കൊപ്പം താഴെപറയുന്ന ചില ലക്ഷണങ്ങൾ രണ്ടോ അതിലധികമോ ആഴ്ചകൾ നീണ്ടുനിൽക്കുന്നുവെങ്കിൽ വിഷാദരോഗസാധ്യത കൂടുതലാണ്.

  • ഏകാന്തതയും ഒറ്റപ്പെടലും.
  • നിരന്തരമായ സങ്കടം, നിരാശ, ക്ഷീണം, തളർച്ച, ഊർജക്കുറവ്.
  • സാധാരണയിൽ അധികം, അല്ലെങ്കിൽ കുറച്ച് ഉറക്കം.
  • സാധാരണയിൽ അധികം, അല്ലെങ്കിൽ കുറച്ച് ഭക്ഷണം.
  • ഏകാഗ്രത കുറവ്, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്.
  • ആസ്വാദ്യകരമായ പ്രവർത്തനങ്ങളിലോ സാമൂഹികവത്കരണത്തിലോ ഉള്ള താത്പര്യം നഷ്ടമാകൽ.
  • കുറ്റബോധം, സ്വന്തം വില നഷ്ടപ്പെട്ടു എന്ന തോന്നൽ.
  • മരണത്തെക്കുറിച്ചോ ആത്മഹത്യയെക്കുറിച്ചോ ഉള്ള ചിന്തകൾ.
  • നീണ്ടുനിൽക്കുന്ന വിഷാദരോഗലക്ഷണങ്ങൾക്ക് വിദഗ്ധപരിശോധന തേടേണ്ടത് അനിവാര്യമാണ്. സൈക്കോതെറാപ്പി, ടോക്ക് തെറാപ്പി, ആന്റി ഡിപ്രസന്റ് മരുന്നുകൾ തുടങ്ങിയവയിലൂടെ പരിഹാരംതേടാം. കൂടുതൽ ഗുരുതരമായ കേസുകളിൽ ഇലക്ട്രോകൺവസീവ് തെറാപ്പി (ഇ.സി.ടി.) അല്ലെങ്കിൽ ആവർത്തിച്ചുള്ള ട്രാൻസ്‌ക്രാനിയൽ മാഗ്‌നെറ്റിക് സ്റ്റിമുലേഷൻ (ആർ.ടി.എം.എസ്.) പോലുള്ള അധിക ചികിത്സാ സാധ്യതകളും പരീക്ഷിക്കാറുണ്ട്.

Content Highlights: Anisha Padukone opens up about her initial lack of awareness regarding sister Deepika's depression., Deepika's mother played a crucial role in identifying early symptoms and seeking professional help