ചെറുപ്പക്കാരിലും സ്ട്രോക്ക്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ആപത്ത്, രോഗസാധ്യത കുറയ്ക്കാം

മനുഷ്യന്റെ തലച്ചോറിനെ ബാധിക്കുന്ന രോഗാവസ്ഥകളിൽ ഏറ്റവും പ്രധാനമായതും ഏറ്റവും അപകടം പിടിച്ചതുമായ അവസ്ഥയാണ് 'സ്ട്രോക്ക് അഥവാ 'മസ്തിഷ്‌കാഘാതം'. ആഗോളതലത്തിൽ മരണത്തിനും വൈകല്യത്തിനും കാരണമാകുന്ന രണ്ടാമത്തെ പ്രധാന ഘടകവും സ്ട്രോക്ക് ആണ്. ഇന്ത്യയിലെ ചെറുപ്പക്കാർക്കിടയിലെ സ്ട്രോക്ക് ബാധിതരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതായി വിദഗ്ധരെ ഉദ്ധരിച്ചുകൊണ്ട് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. അതിനാൽ, സ്ട്രോക്കിലേക്ക് നയിക്കുന്ന ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നത് ഒരുപക്ഷേ ജീവൻ രക്ഷിക്കാൻ വരെ സഹായിച്ചേക്കാം.
ഉയർന്ന രക്തസമ്മർദ്ദം
സ്ട്രോക്കിന്റെ ഏറ്റവും പ്രധാനപ്പെട്ട അപകട ഘടകങ്ങളിലൊന്നാണ് ഉയർന്ന രക്തസമ്മർദ്ദം. നിയന്ത്രിക്കാനാകാത്ത ഉയർന്ന രക്തസമ്മർദ്ദം സ്ട്രോക്ക് വരാനുള്ള സാധ്യത നാലിരട്ടി വരെ വർധിപ്പിക്കും. കാലക്രമേണ, ഉയർന്ന രക്തസമ്മർദ്ദം ധമനികളുടെ ഭിത്തികൾക്ക് കേടുപാടുകൾ വരുത്തുകയും അവയെ ദുർബലമാക്കുകയും ചെയ്യുന്നു. ഇത് അവ പൊട്ടുന്നതിനോ (ഹെമറാജിക് സ്ട്രോക്ക്) കൊഴുപ്പടിഞ്ഞ് തടസ്സപ്പെടുന്നതിനോ (ഇസ്കെമിക് സ്ട്രോക്ക്) ഉള്ള സാധ്യത വർധിപ്പിക്കുന്നു.
ഇന്ത്യയിൽ പ്രായപൂർത്തിയായ മൂന്നിലൊന്ന് പേർക്ക് ഉയർന്ന രക്തസമ്മർദ്ദമുണ്ടെന്ന് ദി ലാൻസെറ്റ് ഗ്ലോബൽ ഹെൽത്തിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. എന്നാൽ, 25 ശതമാനത്തിൽ താഴെയുള്ളവർക്ക് മാത്രമേ ഇത് നിയന്ത്രണവിധേയമായിട്ടുള്ളൂ.
പുകവലി
നിക്കോട്ടിൻ രക്തസമ്മർദ്ദം വർധിപ്പിക്കുന്നു. കൂടാതെ, കാർബൺ മോണോക്സൈഡ് രക്തത്തിലെ ഓക്സിജൻ വഹിക്കാനുള്ള ശേഷി കുറയ്ക്കുന്നു. പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കുന്നവർക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത രണ്ടോ നാലോ ഇരട്ടി കൂടുതലാണെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) വ്യക്തമാക്കുന്നു. പരോക്ഷമായ പുകവലി പോലും രക്തം കട്ടപിടിക്കാനുള്ള സാധ്യത വർധിപ്പിക്കും.
പ്രമേഹം
പ്രമേഹം ശരീരത്തിലുടനീളമുള്ള രക്തക്കുഴലുകളെ തകരാറിലാക്കുന്നു. രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് ധമനികൾക്കുള്ളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും രക്തം കട്ടപിടിക്കുന്നതിനും കാരണമാകും. പ്രമേഹമുള്ള പലർക്കും രക്താതിമർദ്ദം, അമിതവണ്ണം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ മറ്റ് അപകട ഘടകങ്ങളുമുണ്ട്. ഇത് അവരുടെ പക്ഷാഘാത സാധ്യത വർധിപ്പിക്കും.
പ്രമേഹമില്ലാത്തവരെ അപേക്ഷിച്ച് പ്രമേഹരോഗികൾക്ക് ഇസ്കെമിക് സ്ട്രോക്ക് വരാനുള്ള സാധ്യത 1.8 മടങ്ങ് കൂടുതലാണെന്ന് ജേണൽ ഓഫ് സ്ട്രോക്കിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ഹൃദ്രോഗം
Atrial fibrillation പോലുള്ള ഹൃദ്രോഗങ്ങൾ രക്തം കെട്ടിക്കിടക്കുന്നതിനും തലച്ചോറിലേക്ക് സഞ്ചരിക്കാൻ സാധ്യതയുള്ള രക്തക്കട്ടകൾ രൂപപ്പെടുന്നതിനും കാരണമാകുന്നു. ഹൃദയസ്തംഭനവും വാൽവ് രോഗങ്ങളും പക്ഷാഘാത സാധ്യത വർധിപ്പിക്കും. Atrial fibrillation ഉള്ളവരിൽ പക്ഷാഘാതം വരാനുള്ള സാധ്യത അഞ്ചിരട്ടി കൂടുതലാണെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നു.
ഉയർന്ന കൊളസ്ട്രോൾ
എൽഡിഎൽ (LDL) കൊളസ്ട്രോളിന്റെ ഉയർന്ന അളവ് ധമനികൾക്കുള്ളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു. ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്. ഭക്ഷണക്രമം, മരുന്നുകൾ, കൃത്യമായ നിരീക്ഷണം എന്നിവയിലൂടെ കൊളസ്‌ട്രോൾ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.
എൽഡിഎൽ കൊളസ്ട്രോൾ 1 mmol/L കുറയ്ക്കുന്നത് ഇസ്കെമിക് പക്ഷാഘാതത്തിനുള്ള സാധ്യത 20 ശതമാനത്തിലധികം കുറയ്ക്കുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) പറയുന്നു.
അമിതവണ്ണം
അമിതവണ്ണം ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, പ്രമേഹം എന്നിവ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇവയെല്ലാം പക്ഷാഘാതത്തിനുള്ള പ്രധാന അപകടസാധ്യതകളാണ്. ശരീരഭാരവുമായി നേരിട്ട് ബന്ധമില്ലെങ്കിലും വ്യായാമമില്ലാത്ത ജീവിതശൈലി പക്ഷാഘാത സാധ്യത വർധിപ്പിക്കുന്നു.
മിക്ക ദിവസങ്ങളിലും 30 മിനിറ്റ് വേഗത്തിൽ നടക്കുന്നത് പോലുള്ള പതിവായ വ്യായാമങ്ങൾ പക്ഷാഘാത സാധ്യത 25 ശതമാനംവരെ കുറയ്ക്കുമെന്ന് ഹാർവാർഡ് ടി.എച്ച്. ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് റിപ്പോർട്ട് ചെയ്യുന്നു.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)
Content Highlights: Understand the rising stroke cases in young Indians. Learn key symptoms and risk factors like high BP, smoking, diabetes, heart disease, high cholesterol, and obesity.