വിട്ടുമാറാത്ത ജലദോഷം; വിശദപരിശോധനയില്‍ യുവതിയുടെ ശ്വാസകോശത്തില്‍ കണ്ടെത്തിയത് ലോഹ സ്പ്രിങ്

താരതമ്യേനെ നിരുപദ്രവകാരിയായ, എന്നാല്‍ വളരെ അസ്വസ്ഥത സമ്മാനിക്കുന്ന അസുഖമാണ് ജലദോഷം. ജലദോഷത്തിന്റെ 'ദോഷങ്ങള്‍' അനുഭവിക്കാത്തവര്‍ ആരുമുണ്ടാകില്ല. എന്നാല്‍ വിട്ടുമാറാത്ത ജലദോഷമാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ അല്‍പ്പം സൂക്ഷിക്കണമെന്നാണ് റഷ്യയില്‍ നിന്നുള്ള ഈ വാര്‍ത്ത സൂചിപ്പിക്കുന്നത്.
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ എകതെരിന ബദുലിന എന്ന 34-കാരിയാണ് വിട്ടുമാറാത്ത ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ കാരണം ദീര്‍ഘകാലം പൊറുതിമുട്ടിയത്. സാധാരണ ജലദോഷമാണെന്ന് കരുതി കാത്തിരുന്നെങ്കിലും അവരുടെ രോഗം ഭേദമായില്ല. ഒടുവില്‍ നില വഷളായതോടെ ബദുലിന ഡോക്ടറെ സമീപിക്കുകയായിരുന്നു.
തനിക്ക് ന്യൂമോണിയ ആണോ എന്ന ആശങ്കയോടെയാണ് യുവതി ആശുപത്രിയിലെത്തിയത്. എന്നാല്‍ അവിടെ അവരെ കാത്തിരുന്നത് അതിനെക്കാള്‍ ഞെട്ടിക്കുന്ന വിവരമായിരുന്നു. വിവരങ്ങളെല്ലാം അറിയിച്ചതോടെ ഡോക്ടര്‍ യുവതിയോട് എക്‌സ് റേ എടുക്കാന്‍ പറഞ്ഞു. 'നിങ്ങള്‍ ഏത് നിമിഷവും മരിക്കാം' എന്നാണ് എക്‌സ് റേ പരിശോധിച്ച ഡോക്ടര്‍ ബദുലിനയോട് പറഞ്ഞത്.
ഇതുകേട്ട് ഞെട്ടിപ്പോയ യുവതി എന്താണ് തനിക്ക് സംഭവിച്ചത് എന്ന് ഡോക്ടറോട് അന്വേഷിക്കുകയായിരുന്നു. ശ്വാസകോശത്തില്‍ കുടുങ്ങിയ ലോഹനിര്‍മ്മിതമായ ഒരു സ്പ്രിങ്ങാണ് യുവതിക്ക് വില്ലനായത്. മുമ്പ് നടത്തിയ ശസ്ത്രക്രിയയ്ക്കിടെയാണ് ഈ സ്പ്രിങ് യുവതിയുടെ ശരീരത്തിനകത്തെത്തിയത് എന്ന് ജാം പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
എക്‌സ് റേ റിപ്പോര്‍ട്ടിനൊപ്പം സി.ടി. സ്‌കാന്‍ കൂടി എടുത്തതോടെ ശ്വാസകോശത്തില്‍ കുടുങ്ങിയ സ്പ്രിങ്ങിന്റെ വ്യക്തമായ ചിത്രം ലഭിച്ചു. 16 മില്ലിമീറ്റര്‍ നീളവും അഞ്ച് മില്ലിമീറ്റര്‍ വീതിയുമുള്ള സ്പ്രിങ്ങാണ് ശ്വാസകോശത്തിലുണ്ടായിരുന്നത്. അതേസമയം വിറയലോടുകൂടിയ പനിയും ജലദോഷവുമല്ലാതെ മറ്റൊരു ബുദ്ധിമുട്ടും യുവതിക്ക് ഉണ്ടായിരുന്നില്ല.
ശസ്ത്രക്രിയയ്ക്കിടെ ശരീരത്തിലെത്തിയ സ്പ്രിങ് പിന്നീട് രക്തത്തിലൂടെ ഒഴുകി നടക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി യുവതി പറഞ്ഞു. എന്നാല്‍ തനിക്ക് അങ്ങനെയൊരു കാര്യം അനുഭവപ്പെട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ത്രോംബോബോളിസം എന്ന രോഗാവസ്ഥയെ തുടര്‍ന്ന് 27-ാം വയസില്‍ ബദുലിന ചികിത്സ തേടിയിരുന്നു. രക്തക്കുഴലിനുള്ളില്‍ രക്തം കട്ടപിടിക്കുകയും ഇത് രക്തത്തിലൂടെ ഒഴുകി ശരീരത്തിലെ മറ്റെവിടെയെങ്കിലുമെത്തി രക്തത്തിന്റെ ഒഴുക്കിന് തടസം സൃഷ്ടിക്കുകയും ചെയ്യുന്നതാണ് ത്രോംബോബോളിസം. ഇതിന്റെ ചികിത്സയുടെ ഭാഗമായി 33 ട്യൂബുകളാണ് ബദുലിനയുടെ കാലിനുള്ളില്‍ മാത്രം ശസ്ത്രക്രിയ നടത്തി ഘടിപ്പിച്ചത്.
ഒരു വര്‍ഷം 20-ലെറെ ശസ്ത്രക്രിയകള്‍ക്കാണ് താന്‍ വിധേയയായതെന്നും താന്‍ രക്ഷപ്പെട്ടത് അത്ഭുതകരമാണെന്നും ബദുലിന പറയുന്നു. ത്രോംബോബോളിസത്തെ അതിജീവിച്ച ബദുലിനയുടെ ജീവിതത്തില്‍ വീണ്ടുമൊരു കരിനിഴല്‍ പടര്‍ത്തുകയാണ് ശ്വാസകോശത്തിലെ സ്പ്രിങ്.
Content Highlights: Influencer woman suffering cold symptoms shocked as doctors find metal spring in her lungs