ഓട്ടിസം നേരത്തേ തിരിച്ചറിയാം; സഹായകമാവാൻ വെൽബേബി ക്ലിനിക്കുകൾ

കണ്ണൂർ: ഓട്ടിസം പോലുള്ള പ്രശ്നങ്ങൾ ഒരുവയസ്സിൽ തിരിച്ചറിയാനാവും. എന്നാൽ കേരളത്തിൽ കണ്ടെത്തുന്നത് ശരാശരി രണ്ടുവയസ്സിലാണ്. നേരത്തേ തിരിച്ചറിയുകയെന്നത് ഓട്ടിസത്തിൽ വളരെ പ്രധാനമാണ്. എങ്കിലേ കുഞ്ഞിന്റെ ഭാവി കൂടുതൽ ശോഭനമാക്കാനാവൂ. സംസ്ഥാനത്ത് നടപ്പാക്കുന്ന ‘വെൽബേബി ക്ലിനിക്ക്’ എന്ന പുതിയ ആശയം അതിന് സഹായിക്കും.
ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിയും യൂനിസെഫും ചേർന്നാണ് വെൽബേബി ക്ലിനിക്ക് നടപ്പാക്കുന്നത്. ജനനം മുതൽ മൂന്നുവയസ്സു വരെയുള്ള കാലത്ത് ഡോക്ടറുടെ ക്ലിനിക്കിലേക്ക് 11 സന്ദർശനങ്ങളാണ് ഇതിന്റെ കാതൽ. ഇതിൽ മൂന്ന് സന്ദർശനമൊഴിച്ച് ബാക്കി പ്രതിരോധ കുത്തിവെപ്പെടുക്കുന്ന വേളയിലാണ്. കുഞ്ഞിന്റെ ശാരീരികവും മാനസികവും വൈകാരികവുമായ വളർച്ച കൃത്യമായി അവലോകനം ചെയ്യലാണ് ലക്ഷ്യം. ഓട്ടിസം പോലുള്ള എന്തെങ്കിലും പ്രശ്നമുണ്ടങ്കിൽ തിരിച്ചറിയാം, പരിഹാരം കാണാം. കുഞ്ഞിന് രോഗമുണ്ടെങ്കിൽമാത്രം ഡോക്ടറുടെ ചെക്കപ്പ് എന്ന പരമ്പരാഗതരീതിയിൽനിന്നുള്ള ഈ മാറ്റത്തിന് പ്രാധാന്യമേറെയുണ്ട്.
പദ്ധതിയുമായി ബന്ധപ്പെട്ട് ഡോക്ടർമാർ മുതൽ താഴെ തട്ടിലുള്ള ആരോഗ്യപ്രവർത്തകർക്കുവരെ പരിശീലനം തുടങ്ങുകയാണ്.
“കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പ് കേന്ദ്രങ്ങൾ സംസ്ഥാനത്തെമ്പാടും പ്രവർത്തിക്കുന്നുണ്ട്. ഈ ഇമ്യുണൈസേഷൻ ക്ലിനിക്കുകൾ വെൽബേബി ക്ലിനിക്കുകളാക്കി മാറ്റിയാൽ വലിയ മാറ്റമുണ്ടാക്കാനും. എത്ര നേരത്തേ കണ്ടെത്തി നമുക്ക് ഇടപെടാൻ സാധിക്കുന്നുവോ അത്രയും അവരെ സാധാരണ കുട്ടികളെപ്പോലെയാക്കാമെന്നാണ് പഠനങ്ങൾ കാണിക്കുന്നത്” -ഇടുക്കി ഗവ. മെഡിക്കൽ കോളേജ് പീഡിയാട്രി വിഭാഗം പ്രൊഫസറും ഐ.എ.പി. കോഴിക്കോട് ഘടകം പ്രസിഡന്റുമായ ഡോ. മോഹൻദാസ് നായർ പറയുന്നു.
എം-ചാർട്ട് എന്ന ടൂൾ
എം-ചാർട്ട് (മോഡിഫൈഡ് ചെക്ക് ലിസ്റ്റ് ഫോർ ഓട്ടിസം ഇൻ ടോഡ് ലേഴ്‌സ്) എന്നൊരു ഓട്ടിസം സ്ക്രീനിങ് ടൂളുണ്ട്. രക്ഷിതാക്കൾക്കുള്ള ചോദ്യാവലിയാണത്. ലളിതമായ 20 ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ മതി. മൂന്നുവയസ്സുവരെയുള്ള കുഞ്ഞിന്റെ വളർച്ചയും മാനസികവികാസവും തിരിച്ചറിയാൻ അത് സഹായിക്കും.
ഓട്ടിസം
ഓട്ടിസം എന്നത് പ്രത്യേക അവസ്ഥയാണ്. മറ്റുള്ളവരുമായും ചുറ്റുപാടുമായും ചേർന്നു പ്രവർത്തിക്കാൻ പറ്റാത്ത അവസ്ഥ. ഓട്ടിസം എങ്ങനെ വരുന്നുവെന്നതിന് കൃത്യമായ ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല. തലച്ചോറിന്റെ പ്രവർത്തന വ്യതിയാനങ്ങൾ കാരണമാവുന്നുണ്ട്.
പാരമ്പര്യഘടകങ്ങളും ഒരുപരിധിവരെ സ്വാധീനിക്കുന്നു. ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്. ആൺകുട്ടികളിലാണ് കൂടുതൽ.
Content Highlights: well baby clinic, autism care, diagnosing autism, parenting